Education Minister V Sivankutty said that schools should be reopened in stages as per the central directive
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്ര നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കേണ്ടതുണ്ടെന്നും ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പഠനം കുട്ടികളില്‍ ഉണ്ടാക്കുന്നത്. എസ് സി ഇ ആര്‍ ടി നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വ്യായാമമില്ലാതെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുന്നത് കുഴപ്പങ്ങളുണ്ടാക്കുന്നത്. 36 ശതമാനം കുട്ടികള്‍ക്കു തലവേദനയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 28 ശതമാനം പേര്‍ക്ക് കണ്ണിനും 36 ശതമാനം പേര്‍ക്ക് കഴുത്തിനും പ്രശ്നങ്ങളുണ്ട്.
കുട്ടികള്‍ക്ക് വ്യായാമം ഉറപ്പുവരുത്തണമെന്നു മന്ത്രി പറഞ്ഞു. നിലവില്‍ 25 ശതമാനം കുട്ടികള്‍ മാത്രമാണ് അര മണിക്കൂറെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്നതിന് കേന്ദ്ര നിര്‍ദ്ദേശം വന്നാലുടന്‍ അക്കാര്യം ചെയ്യും. മാത്രമല്ല, കോവിഡ് നിയന്ത്രണ ഏജന്‍സികളുടെയും കേന്ദ്ര സര്‍ക്കാരിന്റേയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയൂ. സംസ്ഥാനത്ത് ഘട്ടം ഘട്ടമായിട്ടായിരിക്കും സ്‌കൂളുകള്‍ തുറക്കുകയെന്നും മന്ത്രി പറഞ്ഞു.
COMMENTS