Football wizard Lionel Messi, who left his beloved Barcelona in tears, is almost certain to join French club PSG
ബാഴ്‌സലോണ : കരഞ്ഞുകൊണ്ട് പ്രിയപ്പെട്ട ബാഴ്‌സലോണ വിട്ട ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി.
തിങ്കളാഴ്ച തന്നെ പിഎസ്ജിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് മെസി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തെ കരാറിലായിരിക്കും മെസി ഒപ്പിടുകയെന്നാണ് സൂചന. ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാവുന്ന തരത്തിലായിരിക്കും കരാര്‍.
ക്‌ളബ് വിടുന്നതിനു മുന്നോടിയായുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ മെസി പല തവണ വിങ്ങിപ്പൊട്ടി. ബാഴ്‌സലോണ പ്രസിഡന്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ സദസ്സ് മിനിറ്റുകള്‍ നീണ്ട കരഘോഷത്തോടെയാണ് മെസിയെ എതിരേറ്റത്. കരഘോഷം കണ്ടുനില്‍ക്കെ തന്നെ മെസി വിതുമ്പിപ്പോയി.
ബാഴ്‌സയില്‍ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായതാണെന്നും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് തന്നെ പുറത്താക്കുന്നതെന്നും നിറകണ്ണുകളോടെ മെസി പറഞ്ഞു.
When Messi cries, we all cry.
— FC Barcelona (@FCBarcelona) August 8, 2021
Big hug. ❤️ u Leo. pic.twitter.com/wAHhzWrkP3
ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് മെസി എത്തിയത്. കരഞ്ഞുകൊണ്ടാണ് കടന്നുവന്നതു തന്നെ. സഹതാരങ്ങള്‍ ഉള്‍പ്പെടെ മുന്നിലുള്ളവരെ കണ്ടപ്പോള്‍ കരച്ചിലടക്കാനാവാത്ത സ്ഥിതിയായി.
കരച്ചില്‍ എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാതെ വന്നതോടെ മുന്‍നിരയിലുണ്ടായിരുന്ന ഭാര്യയില്‍ നിന്ന് തൂവാല വാങ്ങി മുഖവും കണ്ണുകളും തുടച്ചു. പിന്നെയും കുറേ സമയത്തിനു ശേഷമാണ് മെസിക്ക് സംസാരിക്കാനായത്.
സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങള്‍ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് ബാഴ്‌സലോണ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പന്ത്രണ്ടാം വയസ്സിലാണ് ബാഴ്‌സലോണയുമായി മെസി കരാര്‍ ഒപ്പിട്ടത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്‌ളബ് വിടുന്നത്.
50 ശതമാനം വേതന ഇളവോടെ അഞ്ചു വര്‍ഷത്തെ കരാര്‍ അംഗീകരിച്ചതിനു പിന്നാലെയാണ് മെസി ഇനി ക്‌ളബില്‍ ഇല്ലെന്നു നാടകീയമായി ബാഴ്‌സലോണ വ്യക്തമാക്കിയത്.
കരാറില്‍ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡന്റ് തെബാസ് പറഞ്ഞിരുന്നു. പുതുതായി ഒപ്പിട്ട താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്നു ലാ ലിഗ നിയന്ത്രണം വച്ചതോടെയാണ് വേതനം കുറച്ച് കളിക്കാന്‍ മെസി സന്നദ്ധനായത്. അതും പക്ഷേ, അദ്ദേഹത്തിനു പ്രിയപ്പെട്ട ക്‌ളബില്‍ തുടരാന്‍ സഹായകമായില്ല.
COMMENTS