Karnataka DGP Praveen Sood has said that five people have been arrested in connection with the gang-rape of a student in Mysore and beating friend
ബംഗളൂരു: മൈസൂരുവില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവളുടെ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു.
ആറാം പ്രതി ഒളിവിലാണെന്നും ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുപേരും തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളികളാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് സംശയിക്കുന്നതായി സൂദ് പറഞ്ഞു. ഇയാള്‍ 17 വയസ്സെന്നാണ് പറഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ സംഭവമുണ്ടായത്. നിര്‍ഭയ കേസിനു സമാനമായ പീഡനമാണ് നടന്നത്. പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകുന്നത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു..
ഇത് ഒരു സെന്‍സിറ്റീവ് കേസാണ്. സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകള്‍ ശേഖരിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ എന്ന് പ്രവീണ്‍ സൂദ് പറഞ്ഞു.
മൈസൂരു സര്‍വകലാശാലയില്‍ പഠിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള എംബിഎ വിദ്യാര്‍ത്ഥിനിയായ 22 കാരിയും സുഹൃത്തും ചൊവ്വാഴ്ച വൈകിട്ടു ചാമുണ്ഡി ഹില്‍സില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്.
മദ്യപിച്ചെത്തിയ സംഘം യുവതിയും കൂട്ടുകാരനും സമീപത്തെ വനപ്രദേശത്തേയ്ക്കു രാത്രി ഏഴരയോടെ ബൈക്കില്‍ പോകുന്നതുകണ്ട് പിന്തുടരുകയായിരുന്നു. ഇവിടെവച്ചാണ് ക്രൂരമായ ആക്രണമുണ്ടായത്.
യുവാവിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം യുവതിയെ കൂട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ബോധം വീണപ്പോള്‍ സംഘം യുവാവിനോട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒടുവില്‍ യുവാവ് അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. യുവാവിന്റെ അച്ഛന്‍ കാറുമായി എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. അപ്പോഴേക്കും ആറു മണിക്കൂറോളം കഴിഞ്ഞിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് യുവതി ഇനിയും മുക്തയായിട്ടില്ല. രാജ്യത്തുടനീളം കടുത്ത പ്രതിഷേധമാണ് ഈ സംഭവത്തില്‍ ഉയരുന്നത്.
യുവതിയും സുഹൃത്തും 'അവിടെ പോകാന്‍ പാടില്ലായിരുന്നു' എന്ന ജ്ഞാനേന്ദ്രയുടെ പരാമര്‍ശം വലിയ വിവാദത്തിനിടയാക്കിയിരുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.ലൈംഗിക പീഡനക്കേസുകളില്‍ ഇരയെ കുറ്റപ്പെടുത്തുന്ന സംസ്‌കാരത്തെ അടിവരയിടുന്ന ഒന്നായാണ് മന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചുണ്ടായ വിമര്‍ശം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും മന്ത്രിയെ തള്ളിപ്പറയേണ്ടിവന്നു.
ഇതിനു പിന്നാലെ, വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരം 6.30 ന് ശേഷം കാമ്പസിനു പുറത്തേയ്ക്കു പോകുന്നത് വിലക്കി മൈസൂരു യൂണിവേഴ്‌സിറ്റി ഉത്തരവിറക്കി. വൈകുന്നേരം 6.30 ന് ശേഷം കുക്കരഹള്ളി തടാക പ്രദേശത്തേയ്ക്കു പെണ്‍കുട്ടികള്‍ പോകുന്നതും വിലക്കിയിട്ടുണ്ട്.
രണ്ട് ഉത്തരവുകളും പൊലീസ് വകുപ്പിന്റെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരം പുറപ്പെടുവിച്ചതാണെന്ന് സര്‍വകലാശാല പറഞ്ഞു.
Summary: Karnataka DGP Praveen Sood has said that five people have been arrested in connection with the gang-rape of a student in Mysore and the brutal beating of her friend. He said the sixth accused was absconding and was being sought.
COMMENTS