Ebin and Libin, owners of e-BullJet's YouTube channel, Kannur Iritti Kilianthara, were arrested by the police and their vehicle Napoleon was taken
കണ്ണൂര്‍: 'ഇ ബുള്‍ ജെറ്റ്' യൂട്യൂബ് ചാനല്‍ ഉടമകളായ കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തതിനും അവരുടെ നെപ്പോളിയന്‍ എന്ന വാഹനം ആര്‍ടിഒ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതിനും എതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശം.
ഇ ബൂള്‍ ജെറ്റിന് വന്‍ പിന്തുണയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ആരാധകര്‍ നല്കുന്നത്. 'നെപ്പോളിയന്‍' എന്ന ഇവരുടെ യാത്രാവാഹനം എത്രയും വേഗം എംവിഡി തിരികെ ഏല്‍പ്പിക്കണമെന്നും ബ്‌ളോഗര്‍മാരെ വെറുതെവിടണമെന്നും ആവശ്യപ്പെട്ട് ആരാധകര്‍ ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ്.
വിവിധയിടങ്ങളില്‍ യാത്ര പോകുന്ന സൗകര്യത്തിനാണ് ടെമ്പോ ട്രാവലര്‍ ഇവര്‍ പരിഷ്‌കരിച്ചത്. യാത്ര ചെയ്ത് ഇവര്‍ പോസ്റ്റു ചെയ്യുന്ന വീഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ട്.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് 42,000 രൂപയാണ് കണ്ണൂര്‍ ആര്‍ടിഒ ഇവര്‍ക്കു പിഴയിട്ടത്. മറ്റ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തിലാണ് രൂപമാറ്റം എന്ന് കാട്ടിയായിരുന്നു പിഴ.
ഇവരുടെ നെപ്പോളിയന്‍ എന്ന ട്രാവലര്‍ വാന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വിവരം എബിനും ലിബിനും സമൂഹമാദ്ധ്യമങ്ങളിലൂടെ ലൈവ് ചെയ്തിരുന്നു. ഇതോടെ, ഇവരുടെ ആരാധകരായ നിരവധി പേര്‍ കണ്ണൂര്‍ ആര്‍ടി ഓഫീസിലെത്തി.
വാഹനം വിട്ടുകിട്ടുന്നതിന് എബിനും ലിബിനും ആവശ്യപ്പെടുകയും ഇതു കശപിശയിലേക്കു നീളുകയും ചെയ്തു. തുടര്‍ന്ന് ആര്‍ടി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന ഇരുവരെയും കസ്റ്റഡിയിലെടുത്തു. നിലവിളിയോടെയാണ് സഹോദരന്മാര്‍ പൊലീസ് വാനില്‍ കറിയത്.
പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇവര്‍ കരഞ്ഞുവിളിച്ച് തങ്ങളെ മനപ്പൂര്‍വം ഉപദ്രവിക്കുകയാണെന്നു പറഞ്ഞിരുന്നു. തങ്ങളെ ആസൂത്രിതമായി തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഇ ബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. തോല്‍ക്കരുതെന്നും തങ്ങള്‍ കൂടെയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഇതിനിടെ, കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ ഇവരെ അറസ്റ്റു ചെയ്ത രീതിക്കെതിരേ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നിട്ടുണ്ട്.
COMMENTS