Case against those who posted provocative videos in favor of the E Bull Jet brothers
കണ്ണൂര്‍: വിവാദ യൂട്യൂബര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റു ചെയ്ത വേളയില്‍ പ്രകോപനപരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം നല്കിയെന്ന കുറ്റത്തിന് സൈബര്‍ പൊലീസ് കേസെടുത്തു.
ഇത്തരത്തില്‍ വീഡിയോകള്‍ പോസ്റ്റുചെയ്തതില്‍ അധികവും യൂട്യൂബര്‍മാരാണ്. ഇവരെക്കുറിച്ചും ഇവരുടെ പോസ്റ്റുകളും സൈബര്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. നവമാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തുക.
ഇ ബുള്‍ ജെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണൂരിലെ ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിന്‍, എബിന്‍ എന്നിവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഈ മാസം 24 ന് വാദം കേള്‍ക്കും.
ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ വാഹനത്തില്‍ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയതിനെതിരേ ആര്‍ ടി ഒ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് സഹോദരന്മാര്‍ ആര്‍ ടി ഒ ഓഫീസിലെത്തി ബഹളം വച്ചിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് നവമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധസൂചകമായി അസഭ്യം പറഞ്ഞു പോസ്റ്റുകള്‍ ഇട്ടത് കുട്ടികളായാല്‍ പോലും നടപടിയെടുക്കുമെന്ന നിലപാടിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ.
COMMENTS