Zika virus was reported in Kerala. Health Minister Veena George said the virus infection was reported in a 24-year-old pregnant woman from Parasala
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശി 24 വയസ്സുള്ള ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പനി, തലവേദന, ദേഹത്ത് ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ജൂണ്‍ 28നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതില്‍ പോസിറ്റീവ് കാണിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഐ.വി. പുണെയില്‍ സാമ്പിള്‍ അയച്ചു.
യുവതിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ജൂലായ് ഏഴിന് ഇവരുടെ പ്രസവം സാധാരണ നിലയില്‍ നടന്നു.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയിക്കുന്നു. പുണെയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രോഗബാധിതയായ യുവതിക്കു പുറത്തേയ്ക്കുള്ള യാത്രാ ചരിത്രമില്ല. അവരുടെ വീട് തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാന രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ഈഡിസ് കൊതുകാണ് രോഗം പകര്‍ത്തുന്നത്. ഇവിടെനിന്നു ശേഖരിച്ച സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.ഗര്‍ഭിണികളെ സിക്ക വൈറസ് സാരമായി ബാധിക്കും. ഗര്‍ഭസ്ഥ ശിശുവിന് അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാല സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമാവാം. സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളുണ്ടാകാം.
ഈഡിസ് കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണ രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ നീളും. മൂന്നു മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലം. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണില്ല. മരണം അപൂര്‍വമാണ്.
എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പുണെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്.
സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ നിലവില്‍ മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുക. രോഗ ലക്ഷണങ്ങളുള്ളവര്‍ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടണം. സിക്ക ബാധിത പ്രദേശത്തെ ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടണം.
കൊതുകു കടിയില്‍ നിന്നു രക്ഷനേടുക പ്രധാനം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടി ഏല്‍ക്കാതെ നോക്കുക. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനു തയ്യാറെടുക്കുന്നവര്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ആണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ തന്നെ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനം. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കും. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.
Summary: Zika virus was reported in Kerala. Health Minister Veena George said the virus infection was reported in a 24-year-old pregnant woman from Parasala who was being treated at a private hospital in Thiruvananthapuram. Zika virus affect pregnant women.
COMMENTS