Manoj K Das, former editor of the national daily Mathrubhumi, has been appointed managing editor of Asianet News
എസ് ജഗദീഷ് ബാബു
മാധ്യമ രംഗത്ത് ഇത് മാറ്റങ്ങളുടെ കാലമാണ്. ദേശീയ ദിനപത്രമായ മാതൃഭൂമിയുടെ പത്രാധിപരായിരുന്ന മനോജ് കെ ദാസ് ഏഷ്യാനെറ്റ് മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റു. നേരത്തേ മനോരമയുടെ മുഖമായിരുന്ന പ്രമോദ് രാമന്‍ മീഡിയാ വണ്ണിന്റെ സാരഥിയായി എത്തിയിരുന്നു. മാതൃഭൂമി ചാനലിന്റെ തലപ്പത്തുണ്ടായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും രാജീവ് ദേവരാജ് മീഡിയാ വണ്ണില്‍ നിന്ന് മാതൃഭൂമി ചാനലിന്റെ സാരഥിയായി എത്തുകയും ചെയ്തിരുന്നു.
മാര്‍ക്സിയന്‍ സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ളയുടെ മകനായ എം.ജി രാധാകൃഷ്ണനെ മാറ്റിക്കൊണ്ടാണ് പകരക്കാരനായി മനോജ് കെ ദാസ് ഏഷ്യാനെറ്റില്‍ മടങ്ങിയെത്തിയത്. കുറഞ്ഞ കാലം ഏഷ്യാനെറ്റിന്റെ റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള മനോജ് കെ ദാസിന്റെ രണ്ടാം വരവാണ് ഇപ്പോഴത്തേത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനായ രാജീവ് ചന്ദ്രശേഖര്‍ മോഡി സര്‍ക്കാരില്‍ സഹമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ അഴിച്ചുപണി. കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും ഏഷ്യാനെറ്റ് ചാനലിനെതിരെയുള്ള പരസ്യമായ യുദ്ധം തുടരുന്നതിനിടയിലുള്ള മാറ്റങ്ങള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ തൊണ്ണൂറുകളുടെ മധ്യത്തിലാണ് പുതിയ ദൃശ്യ സംസ്‌കാരവുമായി ശശികുമാറിന്റെ നേതൃത്വത്തില്‍ ഏഷ്യാനെറ്റ് ആരംഭിച്ചത്. പ്രഗല്ഭരായിരുന്നു ഏഷ്യാനെറ്റിന്റെ അന്നത്തെ സാരഥികള്‍. എഴുത്തുകാരന്‍ സക്കറിയയും ബിആര്‍പി ഭാസ്‌ക്കറും ഉപദേഷ്ടാക്കളായിരുന്നു. നീലന്‍, കെ. രാജഗോപാല്‍, സി.എല്‍ തോമസ്, എന്‍.പി ചന്ദ്രശേഖരന്‍, ആര്‍. രവിവര്‍മ്മ, കെ. ജയചന്ദ്രന്‍ തുടങ്ങിയവരായിരുന്നു രണ്ടാം നിരക്കാര്‍.
പിന്നീട് സി.എല്‍ തോമസ് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി മാറി. തോമസിന്റെ നേതൃത്വത്തിലാണ് മീഡിയാ വണ്‍ ചാനല്‍ ആരംഭിച്ചത്. അവിടേക്കാണ് ഏഷ്യാനെറ്റിലെ ആദ്യത്തെ ന്യൂസ് റീഡറായിരുന്ന പ്രമോദ് രാമന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
പ്രമുഖരായിരുന്ന ശശി കുമാര്‍, റെജി മേനോന്‍, ബിആര്‍പി ഭാസ്‌കര്‍, മാതൃഭൂമിയിലെ തന്നെ മുന്‍ പത്രപ്രവര്‍ത്തകന്‍ കെ.പി മോഹനന്‍, ടി.എന്‍ ഗോപകുമാര്‍ എന്നിവരായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍മാര്‍. ആ സ്ഥാനത്താണ് ടിഎന്‍ജിയുടെ മരണത്തോടെ എം.ജി രാധാകൃഷ്ണന്‍ എത്തിയത്. യാദൃച്ഛികത പോലെയാണ് ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഒഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ അച്ചടി മാധ്യമങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച മനോജ് കെ ദാസ് ദൃശ്യ മാധ്യമത്തിന്റെ സാരഥിയായി എത്തുന്നത്. കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് മനോജ് കെ ദാസ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മലയാളിയുടെ സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യ ബോധത്തിലും ഏറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ മാധ്യമമാണ് ഏഷ്യാനെറ്റ്. കാല്‍നൂറ്റാണ്ടിന്റെ കേരള ചരിത്രത്തില്‍ ഏഷ്യാനെറ്റ് നടത്തിയ ഇടപെടലുകള്‍ പലപ്പോഴും നിര്‍ണ്ണായകമായിരുന്നു. ശശികുമാറും ബിആര്‍പി ഭാസ്‌കറും ഉള്‍പ്പെടെയുള്ള ആദ്യകാല എഡിറ്റര്‍മാര്‍ പടിയിറങ്ങിയതോടെ രണ്ടാം നിരക്കാരായിരുന്ന ടി. എന്‍ ഗോപകുമാറും സി. എല്‍ തോമസും എന്‍. പി ചന്ദ്രശേഖരനും ജയദീപും രവീന്ദ്രനും അടക്കമുള്ളവരാണ് ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ വിഭാഗത്തെ നയിച്ചിരുന്നത്.
തുടക്കത്തില്‍ ഉണ്ടായിരുന്നവരില്‍ ഇന്നും ഏഷ്യാനെറ്റില്‍ ശേഷിക്കുന്നത് സുരേഷ് പട്ടാമ്പിയും എസ്. ബിജുവും സിന്ധു സൂര്യകുമാറും മാത്രമാണ്. മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി.എല്‍ തോമസിന്റെ അഭിപ്രായത്തില്‍ ശാരീരികമായ പ്രതിസന്ധികള്‍ ഇല്ലാതിരുന്നെങ്കില്‍ ഏഷ്യാനെറ്റിന്റെ സാരഥിയായി മാറേണ്ടിയിരുന്നത് ടിഎന്‍ജിക്ക് ശേഷം സുരേഷ് പട്ടാമ്പിയാണ്. അത്രയ്ക്ക് അസാധാരണമായ പ്രകടനമാണ് റിപ്പോര്‍ട്ടര്‍മാരായിരുന്ന കാലത്ത് പരേതനായ കെ. ജയചന്ദ്രനും സുരേഷ് പട്ടാമ്പിയും നടത്തിയിരുന്നത്. സിന്ധുവിനെയും ബിജുവിനെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരായി ഉയര്‍ത്തിയിട്ടുണ്ട്.
ചെയര്‍മാനായ രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭാംഗമാകുകയും ബിജെപിയുടെ നേതാവായി മാറുകയും ചെയ്തതോടെയാണ് ഏഷ്യാനെറ്റിന്റെ നിലപാടുകളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വാതന്ത്ര്യം പണയംവച്ചില്ല. കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരനും ഇപ്പോള്‍ മന്ത്രിയായ രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള രാഷ്ട്രീയ മത്സരമാണ് ഏഷ്യാനെറ്റിന് തലവേദനയായി മാറിയത്.
രാഷ്ട്രീയത്തിന് അതീതമായി ശരിപക്ഷം പിടിച്ചുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനമാണ് ശശി കുമാര്‍ തുടങ്ങിവെച്ചത്. ശശി കുമാറും ബിആര്‍പി ഭാസ്‌കറും വഴിമരുന്നിട്ട ആ മാധ്യമ സംസ്‌കാരം തുടരാന്‍ ഏഷ്യാനെറ്റിന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും കഴിഞ്ഞു. മാറി വന്ന എഡിറ്റര്‍മാരെല്ലാം ശശി കുമാര്‍ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെയാണ് സഞ്ചരിച്ചത്.
ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതോടെ ഒരു ദിവസത്തേയ്‌ക്കെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഏഷ്യാനെറ്റിന്റെ സംപ്രേഷണം നിരോധിച്ചത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. മീഡിയാ വണ്ണിന്റെയും ഏഷ്യാനെറ്റിന്റെയും പ്രവര്‍ത്തനമാണ് മോഡി സര്‍ക്കാര്‍ ഒരുദിവസത്തേയ്ക്ക് നിരോധിച്ചത്. അടിയന്തരാവസ്ഥക്കാലത്തു പോലും രാജ്യത്തെ ഒരു മാധ്യമത്തിനും ഇത്തരം ഒരു പ്രതിസന്ധി നേരിട്ടിരുന്നില്ല.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബംഗാളിലുണ്ടായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏകപക്ഷീയമാണെന്ന് ആരോപിച്ചുകൊണ്ടാണ് ബിജെപി ചാനലിനെ ബഹിഷ്‌കരിച്ചത്. അതിനു മുന്‍പ് സിപിഎമ്മും കുറച്ചു കാലത്തേക്ക് ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് അവര്‍ അത് പിന്‍വലിക്കുകയാണുണ്ടായത്. ജനപക്ഷത്തു നിന്നുകൊണ്ട് ശരിയായ മാധ്യമപ്രവര്‍ത്തനം പല ഘട്ടങ്ങളിലും നടത്തി എന്നതിന്റെ തെളിവ് തന്നെയാണ് ഒരു ഘട്ടത്തില്‍ സിപിഎമ്മും ഏറ്റവും ഒടുവില്‍ ബിജെപിയും ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ച നടപടി. ഒരു ദിവസത്തേയ്ക്കാണെങ്കില്‍ പോലും രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഒരു മാധ്യമത്തിനു നേരെ വാളോങ്ങി എന്നത് ഈ ചാനലിന്റെ മുഖം നോക്കാതെയുള്ള പ്രവര്‍ത്തനത്തിന്റെ തെളിവാണ്.
ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പത്രപ്രവര്‍ത്തകരില്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നാമനാണ് ശശി കുമാര്‍. ഏഷ്യാനെറ്റ് വിട്ട ശേഷം അദ്ദേഹം തുടങ്ങിവച്ച ഏഷ്യന്‍ കോളേജ് ഒഫ് ജേര്‍ണലിസം ഏഷ്യയിലെ തന്നെ എണ്ണപ്പെട്ട സ്ഥാപനമാണിന്ന്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലൗഡ് സ്പീക്കറല്ല ശശി കുമാറിന്റെ ആദ്യ ചിത്രം. എത്രയോ വര്‍ഷം മുന്‍പ് യുവാവായിരിക്കെ ചിന്ത രവിയുടെ 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന സിനിമയില്‍ വിപ്ലവകാരിയായ യുവാവിനെ ശശി കുമാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലൗഡ് സ്പീക്കറിലെ കഥാപാത്രമാണ് നടന്‍ എന്ന നിലയില്‍ ശശി കുമാറിനെ ജനകീയനാക്കിയത്. ശശി കുമാര്‍ സംവിധാനം ചെയ്ത കായാതരണ്‍ എക്കാലത്തും സ്മരിക്കപ്പെടേണ്ട സിനിമകളിലൊന്നാണ്.
രാജ്യദ്രോഹക്കുറ്റം ചുമത്തി പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജയിലില്‍ അടച്ച നടപടിയും ഐഷാ സുല്‍ത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് സര്‍ക്കാര്‍ എടുത്ത കേസിനെതിരെയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ സീനിയര്‍ പത്രപ്രവര്‍ത്തകന്‍. ഇന്ത്യയിലെ പത്രാധിപന്‍മാരും പത്രമുതലാളിമാരും മൗനം പാലിക്കുമ്പോഴാണ് ശശി കുമാര്‍ ഒറ്റയാള്‍ പട്ടാളം പോലെ നിയമ യുദ്ധത്തിന് തയ്യാറായിരിക്കുന്നത്.
മോഡി സര്‍ക്കാരിന്റെ കാലത്ത് നിസ്സാര കേസുകളില്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയെയാണ് ഇദ്ദേഹം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. കേസ് ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ആദ്യ സിനിമയുടെ പേരായ 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' അന്വര്‍ത്ഥമാക്കുകയാണ് ശശി കുമാര്‍.
Summary: This is a time of change in the Malayalam media. Manoj K Das, former editor of the national daily Mathrubhumi, has been appointed managing editor of Asianet News. Earlier, Pramod Raman, the face of Manorama, relocated to Media One. Unni Balakrishnan, who was the head of Mathrubhumi channel, was sacked and Rajeev Devraj became the head of Mathrubhumi channel.
Keywords: Malayalam media, Manoj K Das, National daily, Mathrubhumi, Managing
editor, Asianet News, Pramod Raman, Manorama,
Media One, Unni Balakrishnan,
Mathrubhumi channel, Rajeev Devraj , S Jagadeesh Babu, Sasikumar
COMMENTS