India beat Sri Lanka by seven wickets with 80 balls to spare in the first ODI. Captain Shikhar Dhawan stood unbeaten on 86 off 95 balls
കൊളംബോ: രണ്ടാം നിര ടീമുമായി ചെന്നുവെന്നു പറഞ്ഞ് ഇന്ത്യയെ അധിക്ഷേപിച്ചവര്‍ക്കു ചുട്ട മറുപടി നല്‍കിക്കൊണ്ട്, ശ്രീലങ്കയെ ഇന്ത്യ 80 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിന് ചുരുട്ടിക്കെട്ടി.
95 പന്തില്‍ 86 റണ്‍സുമായി പുറത്താകാതെ നിന്ന് കളിക്കുകയും കൂടെയുള്ളവര്‍ക്ക് കളിക്കാന്‍ അവസരം തുറന്നുകൊടുക്കുകയും ചെയ്തു ക്യാപ്ടന് ശിഖര്‍ ധവാന്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. ഓപ്പണര്‍മാരായ അവിഷ്ക ഫെര്‍ണാണ്ടോ 32 റണ്‍സും മിനോദ് ഭാനുക 27 റണ്‍സും നേടി. പുറത്താകാതെ 43 റണ്‍സ് നേടിയ ചമിക കരുണാരത്നേയാണ് ടോപ് സ്കോറര്‍.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ചമിക കരുണരത്നെ അവസാന ഓവറുകളില്‍ (35 പന്തില്‍ 43) നടത്തിയ രക്ഷാപ്രവര്‍ത്തനാണ് ലങ്കയ്ക്കു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ഇന്ത്യയ്ക്കായി ദീപക് ചഹാര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പക്ഷേ, ലങ്കയുടെ സ്കോര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുമുന്നില്‍ ഒന്നുമായിരുന്നില്ല. ക്യാപന്‍ ധവാനെ കാഴ്ചക്കാരനാക്കി നിറുത്തിക്കൊണ്ട് ഓപ്പണര്‍ പ്ൃഥ്വി ഷാ (24 പന്തില്‍ 43) ട്വന്റി 20 ശൈലിയില്‍ കളിച്ച് തുടക്കത്തിലേ ജയം ഉറപ്പിച്ചു. കളിയുടെ ഗതി തുടക്കത്തിലേ തിരിച്ചുവിട്ട പൃഥ്വി തന്നെയാണ് മാന്‍ ഒഫ് ദി മാച്ച്.
പിന്നാലെ വന്ന ഇഷാന് കിഷന് 42 പന്തില്‍ 59 റണ്‍സെടുത്ത് ഇന്ത്യന്‍ ജയത്തിന് വ്യക്തമായ അടിത്തറയിട്ടു. കിഷനും മടങ്ങിയതോടെ ധവാന് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ക്യാപ്ടന്റെ അവധാനതയോടെ ധവാന് മുന്നോട്ടു പോയി. ഒരു സിക്സും ആറു ഫോറും നിറം ചാര്‍ത്തിയതായിരുന്നു ആ ഇന്നിംഗ്സ്.
മനീഷ് പാണ്ഡെയ്ക്കു കാര്യമായി തിളങ്ങാനായില്ല. 40 പന്തില്‍ 26 റണ്‍സായിരുന്നു സമ്പാദ്യം. 20 പന്തില്‍ 31 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു.
ലങ്കന്‍ നിരയില്‍ ഒരു ബോളര്‍ക്കും 10 ഓവര്‍ എറിയേണ്ടിവന്നില്ല. എല്ലാവരും നല്ല തല്ലു വാങ്ങുകയും ചെയ്തു. ധനഞ്ജയ ഡി സില്‍വ രണ്ടു വിക്കറ്റും ലക്ഷന്‍ സന്ദകന് ഒരു വിക്കറ്റും നേടി.
Summary: India beat Sri Lanka by seven wickets with 80 balls to spare in the first ODI. Captain Shikhar Dhawan stood unbeaten on 86 off 95 balls.
COMMENTS