A case has been registered against the Palakkad hotel owner for violating the lock down norms and serving food for Ramya Haridas MP and her gang
പാലക്കാട് : ലോക് ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പാലക്കാട്ട് സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യാ ഹരിദാസ് എംപിയും സംഘവും ഇതു ചോദ്യം ചെയ്ത യുവാവിനെ കൈയേറ്റം ചെയ്ത പരാതിക്കു പിന്നാലെ ഹോട്ടല്‍ ഉടമയ്‌ക്കെതിരേ കേസെടുത്തു.
ലോക് ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിനാണ് കേസെന്നു കസബ പൊലീസ് പറഞ്ഞു. ഹോട്ടലില്‍ എംപിയും മറ്റും ഭക്ഷണം കഴിക്കാനിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വന്നതാണ് കേസിനു നിദാനമെന്നു പൊലീസ് പറഞ്ഞു.
ജില്ലയില്‍ വൈറസ് വ്യാപനം രൂക്ഷമായിരിക്കെ, ഹോട്ടലുകളില്‍ ഇരുന്നു കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നിട്ടും എംപിയും കൂട്ടരും ഭക്ഷണം കഴിക്കാനിരുന്നത് യുവാവ് ചോദ്യം ചെയ്തതോടെ യുവാവിനെ മര്‍ദ്ദിച്ചുവെന്നു നേരത്തേ പരാതി ഉയര്‍ന്നിരുന്നു.
ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ ആണെന്നിരിക്കെ, കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണം കഴിക്കാനായി ഇരിക്കുന്നതിനിടെയാണ് സംഭവം.
മുന്‍ എംഎല്‍എ വി ടി ബാലറാം ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യുവാവിനെ കൈയേറ്റം ചെയ്തതെന്നാണ് പരാതി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.
മര്‍ദ്ദനമേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നൂ മര്‍ദനമെന്നാണ് ആക്ഷേപം.
യുവാവിനൊപ്പമുണ്ടായിരുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സംഘം യുവാവിനു നേരേ വധഭീഷണിയും മുഴക്കി.
സാമൂഹ്യഅകലം പാലിക്കാതെ എംപി ഉള്‍പ്പെടെ ഇരിക്കുന്നതു കണ്ടതോടെയാണ് യുവാവ് ഇതു ചോദ്യം ചെയ്തത്. യുവാവ് മാഡം എന്നു വിളിച്ചാണ് യുവാവ് സംസാരിക്കുന്നത്.
താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്നായിരുന്നു രമ്യയുടെ മറുപടി. പാര്‍സല്‍ വേണ്ടവര്‍ പുറത്തു നില്‍ക്കണമെന്നും സാധാരണക്കാരായ തങ്ങള്‍ അങ്ങനെയാണ് ചെയ്യുന്നതെന്നും എംപിയായ മാഡം മാതൃകയാവണമെന്നും യുവാവ് സൗമ്യമായി പറയുന്നുണ്ട്.
സംഭവം കുഴപ്പമാവുമെന്നു കണ്ട് രമ്യ പെട്ടെന്നു പുറത്തേയ്ക്കിറങ്ങുന്നതു കാണാം. ഇതിനൊപ്പം യുവാവും പുറത്തേയ്ക്കു വന്നു. ഇതോടെ, പിന്നാലെ വന്ന പാളയം പ്രദീപും സംഘവും യുവാവിനെയും സുഹൃത്തിനെയും കൈയേറ്റം ചെയ്തുവെന്നാണ് പരാതി.
ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമമുണ്ടായി. യുവാവ് വന്ന വാഹനത്തിന്റെ ഫോട്ടോയും സംഘം എടുത്തു. തുടര്‍ന്നാണ് വധ ഭീഷണി മുഴക്കിയതെന്ന് യുവാവ് പറയുന്നു.
ഇതേസമയം, മഴ ആയതിനാലാണ് ഹോട്ടലില്‍ കടന്നിരുന്നതെന്നും ഭക്ഷണം വാങ്ങിപ്പോകാനായിരുന്നു പദ്ധതിയെന്നും ഇരുന്നു കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് രമ്യാ ഹരിദാസിന്റെ വിശദീകരണം. ഇതേസമയം, ഭക്ഷണം വാങ്ങിപ്പോകാനായിരുന്നുവെങ്കില്‍ എംപി അടക്കമുള്ള സംഘം മൊത്തത്തില്‍ ഹോട്ടലില്‍ കയറി കസേരകളില്‍ സാമൂഹ്യ അകലമില്ലാതെ ഇരുന്നതെന്തിനെന്നാണ് യുവാവ് അടക്കമുള്ളവരുടെ ചോദ്യം.
Summary: A case has been registered against the Palakkad hotel owner for violating the lock down norms and serving food for Ramya Haridas MP and her gang. Kasaba police said the case was for violating the lockdown norms.
COMMENTS