ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വാക്‌സിന്‍ നയം പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ മൂകസാക്ഷിയാകാനാകില്ലെന്നും ഇപ്പോഴത...
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വാക്‌സിന്‍ നയം പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ മൂകസാക്ഷിയാകാനാകില്ലെന്നും ഇപ്പോഴത്തെ നയം പുനപ്പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കേന്ദ്രത്തിന്റെ കോവിഡ് വാക്സിന്‍ നയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി ഉയര്‍ത്തിയത്. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വില ഈടാക്കുന്നു. ഇത് ഏകപക്ഷീയമായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതുവരെ വാക്സിന്‍ സംഭരിച്ചതിന്റെ മൊത്തം രേഖയും സത്യവാങ്മൂലമായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ രണ്ടാഴ്ച്ചയ്ക്കകം സമര്‍പ്പിക്കണം. ജൂണ്‍ 30ന് കേസ് വീണ്ടും പരിഗണിക്കും. പൊതുഫണ്ട് കൂടി ഉപയോഗിച്ചാണ് വാക്സിന്‍ വികസിപ്പിച്ചതെന്നു മറക്കരുതെന്നു കോടതി ഓര്‍മിപ്പിച്ചു.
വാക്‌സിന്‍ നല്കുമ്പോള്‍ ഏതു പ്രായക്കാര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ശാസ്ത്രീയമായ വിശകലനത്തിലൂടെ തീരുമാനിക്കുന്നതില്‍ അപാകമൊന്നുമില്ല. 18-44 പ്രായക്കാര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത് സുപ്രധാനമാണ്. അതിനാല്‍, ആദ്യ രണ്ടു ഘട്ടത്തില്‍ പ്രഖ്യാപിച്ചവര്‍ക്കു മാത്രം സൗജന്യ വാക്‌സിന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ നയം പ്രഥമദൃഷ്ട്യാ സ്വേഛാപരവും യുക്തിരഹിതവുമാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഡിജിറ്റല്‍ വിഭജനം നിനിലനില്‍ക്കുകയാണ്. കോവിന്‍ പോര്‍ട്ടല്‍ വഴി വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കു വേണ്ടി എന്തു സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്നും കോടതി ആരാഞ്ഞു.
സൗജന്യമായി വാക്സിന്‍ നല്‍കുമോയെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
COMMENTS