Relieving K Surendran and his team, the central leadership decided not to change the leadership of the BJP Kerala unit for the time being
അഭിനന്ദ്
ന്യൂഡല്‍ഹി: കെ സുരേന്ദ്രനും സംഘത്തിനും ആശ്വാസം പകര്‍ന്ന്, ബിജെപി കേരള ഘടകത്തില്‍ തത്കാലം നേതൃമാറ്റം വേണ്ടെന്നു കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
ഇപ്പോള്‍ നേതൃമാറ്റം നടത്തിയാല്‍ കുഴല്‍പ്പണ വിവാദം ഉള്‍പ്പെടെ സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമായ സ്ഥിതി വരുമെന്നു കണ്ടാണ് കേന്ദ്രം നേതൃമാറ്റമെന്ന ആശയം തത്കാലം ഒഴിവാക്കുന്നത്.
കേരളത്തിലെ തിരഞ്ഞെടുപ്പു പരാജയ കാരണങ്ങളെക്കുറിച്ചു പഠിച്ച സിവി ആനന്ദബോസ് കമ്മിറ്റി നല്കിയ ശുപാര്‍ശയില്‍ നേതൃമാറ്റവും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു നേതൃത്വം തയ്യാറെടുക്കുന്നതിനിടയിലാണ് കേരള ബിജെപി നേതൃത്വം ആരോപണപ്പെരുമഴയില്‍ ചെന്നുപെട്ടത്.
ഈ സങ്കീര്‍ണ സാഹചര്യം ഫലത്തില്‍ കെ സുരേന്ദ്രന് അനുഗ്രഹമായി മാറുകയായിരുന്നു. ഇപ്പോള്‍ നേതൃമാറ്റം വന്നാല്‍ ഈ ആരോപണങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമാകും. അതിനാല്‍, നേതൃമാറ്റം എന്ന ആശയം തത്കാലം വേണ്ടെന്നു വച്ചിരിക്കുകയാണ്.
കുഴല്‍പ്പണ വിവാദം പാര്‍ട്ടിക്കു വലിയ ക്ഷീണമുണ്ടാക്കി. അതിനു പിന്നാലെ കേന്ദ്രം തിരഞ്ഞെടുപ്പു ചെലവിനു കൊടുത്ത പണം ചിലര്‍ അടിച്ചുമാറ്റിയെന്ന ആക്ഷേപം വന്നു. ഇതു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരെ രോഷാകുലരാക്കിയിരുന്നു. അതു കഴിഞ്ഞപ്പോള്‍ ബിജെപി പക്ഷത്തു വരാന്‍ സികെ ജാനുവിനു ബിജെപി കേരള അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പണം കൊടുത്തുവെന്ന ആരോപണം വന്നു. അടുത്തത് മഞ്ചേശ്വരത്ത് സുരേന്ദ്രനു മത്സരിക്കാന്‍ സൗകര്യമൊരുക്കാനായി സുന്ദര എന്ന സ്ഥാനാര്‍ത്ഥിക്കു പണം കൊടുത്ത് ഒതുക്കിയതായി ആക്ഷേപം വന്നു. ഇപ്പോള്‍ സുരേന്ദ്രന് ഇതു സംബന്ധിച്ച കേസില്‍ പ്രതിയുമായി.
തത്കാലത്തേയ്ക്കാണ് മാറ്റം വേണ്ടെന്നുവച്ചത്. കേരളത്തിലെ സംഭവവികാസങ്ങളിലും ഉണ്ടായിരുന്ന അക്കൗണ്ട് കൂടി തിരഞ്ഞെടുപ്പില്‍ പൂട്ടിപ്പോയതുമെല്ലാം കേന്ദ്രം വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഇപ്പോള്‍ സുരേന്ദ്രന് കിട്ടിയിരിക്കുന്നത് 'ഇഞ്ചുറി ടൈ'മാണ്. അതില്‍ അത്ഭുതമൊന്നും സംഭവച്ചില്ലെങ്കില്‍ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്.
ഇന്നു ഡല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെപി നഡ്ഡയെ സുരേന്ദ്രന് കണ്ടിരുന്നു. സുരേന്ദ്രന്റെ രക്ഷകനായ കേന്ദ്രമന്ത്രി വി മുരളീധരനും നഡ്ഡയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന സുരേന്ദ്രന് പ്രതികരിച്ചത് കേരളത്തില്‍ നേതൃമാറ്റമില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനും പിണറായി സര്‍ക്കാരിന്റെ നെറികേടുകളെ തുറന്നു കാട്ടാനും കേന്ദ്ര നേതൃത്വം തന്നോടു നിര്‍ദ്ദേശിച്ചുവെന്നുമാണ്.
Summary: Relieving K Surendran and his team, the central leadership decided not to change the leadership of the BJP Kerala unit for the time being. Tthe Center is avoiding the idea of a change of leadership as it would be tantamount to acknowledging the money laundering controversy.
Keywords: Kerala, BJP, K Surendran, V Muraleedharan, JP Nadda, Narendramodi
COMMENTS