Benjamin Nethanyahu out of power in Israel. Nafthali Benet of Yamina party is new Prime Minister
ജെറുസലേം: ഇസ്രായേലിൽ 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികളുടെ സഖ്യം പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ചു.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് നയിക്കുന്ന പ്രതിപക്ഷ മുന്നണി 59 നെതിരെ 60 വോട്ടിനാണ് ഭൂരിപക്ഷം തെളിയിച്ചത്.
ധാരണപ്രകാരം മുന്നണിയിലെ യാമിന പാർട്ടിയുടെ തലവൻ നഫ്‌താലി ബെനറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് നെതന്യാഹുവിനു കീഴിൽ പ്രതിരോധമന്ത്രി ആയിരുന്നു ബെനറ്റ്.
2023 സെപ്റ്റംബർ വരെ ആയിരിക്കും ബെനറ്റ് പ്രധാനമന്ത്രിയായി തുടരുക. തുടർന്ന് ലാപിഡ് ഭരണസാരഥ്യം ഏറ്റെടുക്കും.
എട്ടു കക്ഷികളുടെ പ്രതിപക്ഷ മുന്നണിയിൽ അറബ് ഇസ്‌ലാമിസ്റ്റ് പാർട്ടിയുമുണ്ട്. 20 വർഷത്തിനിടെ ആദ്യമായാണ് അറബ് ഇസ്ലാമിസ്റ്റ് പാർട്ടി ഭരണത്തിൽ പങ്കാളികളാകുന്നത്. ഇത് ഇസ്രായേൽ - പാലസ്തീൻ വിഷയത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണ് ലോകം. നഫ്‌താലി ആകട്ടെ പാലസ്തീനെ ഇല്ലാതാക്കണമെന്ന തീവ്ര നിലപാടുകാരനാണ്.
മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നെതന്യാഹുവിൻ്റെ ലിക്കുഡ് പാർടി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. സർക്കാർ രൂപീകരിക്കാൻ പ്രസിഡണ്ട് ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാൻ നെതന്യാഹുവിനു കഴിഞ്ഞിരുന്നില്ല.
പ്രധാനമന്ത്രി പദത്തിൽ നിന്ന് പ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തേക്ക് മാറുമ്പോൾ നിരവധി അഴിമതി ആരോപണങ്ങളിൽ നെതന്യാഹുവിനു കോടതി കയറി ഇറങ്ങാൻ മാത്രമേ സമയം ഉണ്ടാകൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
COMMENTS