തിരുവനന്തപുരം: കേരളത്തില്‍ പ്രതീക്ഷിച്ചതുപോലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ ഈ മാസം അഞ്ചു മുതല്‍ ഒന്‍പതു വരെ അധിക ന...
തിരുവനന്തപുരം: കേരളത്തില്‍ പ്രതീക്ഷിച്ചതുപോലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ ഈ മാസം അഞ്ചു മുതല്‍ ഒന്‍പതു വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
കോവിഡ് അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇത്. ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ നാലിനു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ ്അഞ്ചു ഒന്‍പതു വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. ജൂണ്‍ നാലിനു പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.
പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍
അവശ്യ വസ്തുക്കളുടെ കടകള്‍
വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍
നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതല്‍ പ്രവര്‍ത്തിക്കാം. ജൂണ്‍ ഏഴിന് ഇവ ഇപ്രകാരം തുറക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് വിഭാഗത്തിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. പതിവ് ജാഗ്രത തുടരണം. ആള്‍ക്കൂട്ടം ഉണ്ടാക്കാതെ നോക്കണം. മറുനാടന്‍ തൊഴിലാളികളെ എല്ലാവരെയും വാക്സിനേറ്റ് ചെയ്യുകയും അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും.
സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ളവര്‍ക്ക് (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ സര്‍ട്ടിഫിക്കറ്റ് കരുതണം. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ എല്ലാ വ്യക്തികളെയും വാക്സിനേറ്റ് ചെയ്യും.
രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കാനും ജനിതക പഠനം നടത്താനും തീരുമാനമായി.
ഫ് ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ടു ചെയ്താല്‍ ഏത് ഫ് ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോര്‍ഡിലൂടെ എല്ലാവരെയും അറിയിക്കണം. ഇതിനൊപ്പം ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ ഫ് ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ ഏറ്റെടുക്കണം. ഫ്ളാറ്റുകളിലെ ലിഫ്റ്റ് ദിവസവും മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണം.
Keywords: Kerala, Covid Restrictions, Test Positivity, TRP
COMMENTS