The Center has warned that the Covid Delta Plus virus variant reported in Kerala and Maharashtra is extremely dangerous and requires extreme caution
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : കേരളത്തിലും മഹാരാഷ്ട്രയിലും മറ്റും റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കോവിഡ് ഡെല്‍റ്റ പ്‌ളസ് വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നും നിതാന്ത ജാഗ്രത വേണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്കി. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് വൈകാതെ തന്നെ ഈ വകഭേദം കാരണമായേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ ഇതുവരെ 22 ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 16 എണ്ണം മഹാരാഷ്ട്രയിലെ രത്നഗിരി, ജല്‍ഗാവ് എന്നിവിടങ്ങളിലാണ്. കേരളത്തില്‍ ഇതുവരെ മൂന്നു കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓരെണ്ണം പത്തനംതിട്ട ജില്ലയിലെ നാലു വയസ്സുകാരനും മറ്റു രണ്ടെണ്ണം പാലക്കാട് ജില്ലയിലെ മദ്ധ്യവയസ്‌കകള്‍ക്കുമാണ്. മധ്യപ്രദേശിലും ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
കോവിഡിന്റെ മാരകമായ രണ്ടാം തരംഗത്തില്‍ നിന്ന് ഇന്ത്യ തലയൂരി വരുന്നതിനിടെയാണ് ഭീതിയുണര്‍ത്തുന്ന പുതിയ വകഭേദത്തിന്റെ വരവ്. പുതിയ വകഭേദം കണ്ടെത്തിയ എല്ലാ ജില്ലകളിലും അടിയന്തിരമായി നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
ജനക്കൂട്ടത്തെ നിയന്ത്രിക്കുക, കൂടിച്ചേരലുകള്‍ ഒഴിവാക്കുക, വ്യാപകമായ പരിശോധന, പെട്ടെന്നുള്ള രോഗ നിര്‍ണയം എന്നിവ ഉള്‍പ്പെടെ നടപടികളാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്. മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ ഈ മേഖലകളില്‍ നല്കാനും നിര്‍ദ്ദേശമുണ്ട്.
പുതിയ വകഭേദം പ്രതീക്ഷിച്ചതിലും നേരത്തേ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം സൃഷ്ടിച്ചേക്കുമെന്നു വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാരാഷ്ട്ര ഇതിനകം മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.ഡല്‍റ്റ പ്‌ളസ് ബാധിച്ചവരുടെ യാത്രാ ചരിത്രം, വാക്‌സിനേഷന്‍ നില തുടങ്ങിയ വിവരങ്ങള്‍ മഹാരാഷ്ട്ര ശേഖരിക്കുന്നു. ഓരോ ജില്ലയില്‍ നിന്നും 100 സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് മഹാരാഷ്ട്ര നടത്തി. മേയ് 15 മുതല്‍ 7,500 സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ 21 ഡല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.
ഇന്ത്യയെ കൂടാതെ യുഎസ്, യുകെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, പോളണ്ട്, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ ഇതിനകം ഡല്‍റ്റ പ്‌ളസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ സ്വഭാവരീതികളൊന്നും ഇതുവരെ വ്യക്തമായി കണ്ടെത്തിയിട്ടില്ല എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യം. ഈ വകഭേദം അതിവേഗം പടരുമെന്നു കണ്ടെത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അനേകം ആളുകളെ ബാധിക്കുന്നുണ്ട്.
ഡെല്‍റ്റ പ്ലസ് ശ്വാസകോശ കോശങ്ങളെ അതിവേഗം ബാധിക്കുന്നു. മോണോക്ലോണല്‍ ആന്റിബോഡി പ്രതിരോധ ശേഷിയും ഇല്ലാതാക്കുന്നുണ്ട്. നിലവിലെ കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ ഇതിനു പോരാതെയും വന്നേക്കാം. നിലവിലെ വാക്‌സിനുകള്‍ ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകുമോ എന്ന ആശങ്കയും വ്യാപകമാണ്.
എന്നാല്‍ ഡെല്‍റ്റ പ്ലസ് വേരിയന്റിന്റെ വ്യാപനം നിലവില്‍ കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇന്‍സാക്കോഗ് ഡെല്‍റ്റ പ്ലസിനെ ''ആശങ്കപ്പെടുത്തുന്ന അവാന്തരം'' എന്ന് പറയുമ്പോള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി അതിനോടു യോജിക്കുന്നില്ല. ഇപ്പോള്‍ ഇത് പഠനവിധേയമാക്കേണ്ട അവാന്തരം മാത്രമാണെന്നും എന്നാല്‍ ആശങ്കപ്പെടുത്തുന്നതല്ലെന്നും രാജേഷ് ഭൂഷണ്‍ പറയുന്നു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകള്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവ, ഡെല്‍റ്റ വേരിയന്റിനെതിരെ ഫലപ്രദമാണെന്നും എന്നാല്‍, ഡെല്‍റ്റ പ്ലസിനെതിരേ അവ എത്രമാത്രം ഫലപ്രദമാണെന്ന് പിന്നീട് അറിയിക്കാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
Summary: The Center has warned that the Covid Delta Plus virus variant reported in Kerala and Maharashtra is extremely dangerous and requires extreme caution. Experts warn that this variant could soon cause a third wave in the country.
COMMENTS