കൊച്ചി: കുഴല്‍പ്പണ കേസില്‍ തീര്‍ത്തും പ്രതിരോധത്തിലായ ബിജെപി കേരള നേതൃത്വം തിരച്ചടിക്കാന്‍ മറു തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി പാര്‍ട്ടി...
കൊച്ചി: കുഴല്‍പ്പണ കേസില്‍ തീര്‍ത്തും പ്രതിരോധത്തിലായ ബിജെപി കേരള നേതൃത്വം തിരച്ചടിക്കാന്‍ മറു തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനു പിന്തുണ പ്രഖ്യാപിച്ചു.
കുഴല്‍ പണക്കേസിലെ പ്രതികള്‍ക്കു സിപിഎമ്മുമായും സിപി ഐയുമായും ബന്ധമുണ്ടെന്നും ഇതു മറച്ചുവയ്ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും യോഗം ആരോപിച്ചു. കേസിലെ സിപിഎം-സിപിഐ ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ല. കേസില്‍ സിപിഎം പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, എന്‍.എന്‍ കൃഷ്ണ ദാസ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ജയിലിലായതിനു പകപോക്കാനായി ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ മകനെ ചോദ്യംചെയ്യാന്‍ പോവുകയാണ്. ഇതു പാര്‍ട്ടിയെ അവഹേളിക്കാന്‍ മാത്രമാണ്. വെല്ലുവിളി പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.
ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം മകന്റെ അക്കൗണ്ടിലെ പണം എവിടെനിന്ന് വന്നെന്നു കോടതിയെ ബോധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മത്സ്യവ്യാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കില്‍ ആറുമാസമായി അദ്ദേഹത്തിന് ജയില്‍ തുടരേണ്ടി വരില്ലായിരുന്നു.
ബിജെപി കോര്‍കമ്മിറ്റി യോഗം ഹോട്ടലില്‍ നടത്താനായിരുന്നു തീരുമാനം. ലോക് ഡൗണ്‍ നിലനില്ക്കുന്നതിനാല്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. എന്നിട്ടും ഹോട്ടലില്‍ യോഗം ചേരുന്നതിനെതിരെ പൊലീസ് നോട്ടീസയച്ചു. സര്‍ക്കാര്‍ ഇടപെട്ടാണ് പൊലീസിനെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നു നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് യോഗം പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു മാറ്റുകയായിരുന്നുവെന്നു നേതാക്കള്‍ പറഞ്ഞു.
കൊടകരയിലുണ്ടായ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബിജെപിയേയും നേതാക്കളെയും പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമം സി.പി.എമ്മും സര്‍ക്കാരും നടത്തുന്നു.
പ്രതികാര രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത അജന്‍ഡയായ മോഡി വിരുദ്ധരാഷ്ട്രീയം കൂടിയാണ് ബിജെപിയെ വേട്ടയാടിക്കൊണ്ടു നടപ്പാക്കുന്നത്. പൊലീസിനെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കുന്നു.
സ്വര്‍ണം കള്ളക്കടത്തു കേസില്‍ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടുപോവുകയും ചെയ്യുന്നു എന്ന തിരിച്ചറിവുമാണ് സി.പി.എമ്മിനെ ഇതിന് പ്രേരിപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ സ്വാധീനം വര്‍ദ്ധിച്ചത് എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന് തടയിടാനാണ് ദിവസവും കള്ളക്കഥകള്‍ ബിജെപിക്കെതിരെ മെനയുന്നത്.
ഒപ്പം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം അസ്വസ്ഥമാക്കുന്ന മുസ്‌ലിം പ്രീണനത്തിന്റെ മറ്റൊരു വശവും ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ട്. ഭൂരിപക്ഷസമുദായത്തിനും ക്രൈസ്തവര്‍ക്കും ബി.ജെ.പിക്കുമേല്‍ വര്‍ദ്ധിച്ചുവരുന്ന വിശ്വാസം എല്‍.ഡി.എഫിനെയും യുഡിഎഫിനെയും അസ്വസ്ഥരാക്കുന്നു. ഇതും ഹീനമായ പ്രചാരവേലകള്‍ക്ക് പിന്നിലുണ്ടെന്നു ബിജെപി അണികളും തിരിച്ചറിയണമെന്നും നേതാക്കള്‍ പറയുന്നു.
Summary: The BJP core committee met as part of a ploy to save the party Kerala leadership, which is totally on the defensive in the money laundering case. The meeting declared support for state president K Surendran.
Keywords: BJP, Core Committee, K Surendran, Kerala,
COMMENTS