Former DYFI activist Arjun Ayanki has been arrested by the Customs in connection with the Karipur gold smuggling case
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഡി വൈ എഫ് ഐ മുന്‍ പ്രവര്‍ത്തകനായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. രാവിലെ അഭിഭാഷകരുമൊത്താണ് അര്‍ജുന്‍ ചോദ്യം ചെയ്യലിനു ഹാജരായത്.
ഇയാള്‍ക്കു സ്വര്‍ണം കള്ളക്കടത്തിലും കള്ളക്കടത്തായി വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്നതിലും പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കള്ളക്കടത്തില്‍ അര്‍ജുന് നേരിട്ട് പങ്കുണ്ടെന്ന മുഹമ്മദ് ഷഫീഖ് നല്കിയ മൊഴിയാണ് അറസ്റ്റിലേക്കു വഴി തെളിച്ചിരിക്കുന്നത്. രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ വ്യക്തിയാണ് മുഹമ്മദ് ഷഫീഖ്.
ഏതാനും ദിവസം മുന്‍പ് കോഴിക്കോട്ട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ച സംഭവമാണ് ഇപ്പോള്‍ ഈ അറസ്റ്റുകള്‍ക്കു കാരണമായിരിക്കുന്നത്. സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട സംഘാംഗങ്ങളാണ് മരിച്ചത്.
ഷെഫീഖിന്റെ ഫോണ്‍ പരിശോധിച്ചതിലും ഇയാള്‍ക്കും അര്‍ജുനും തമ്മിലുള്ള ബന്ധവും വ്യക്തമായിരുന്നു. രേഖകളും മൊഴി ശരിവയ്ക്കുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. അര്‍ജുന്‍ അറസ്റ്റിലാവുന്നതോടെ കള്ളക്കടത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘങ്ങളും വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളും നിരവധിയുണ്ട്. കള്ളക്കടത്തു സ്വര്‍ണമായതിനാല്‍ പരാതിപ്പെടാന്‍ കഴിയില്ലെന്നതാണ് പൊട്ടിക്കല്‍ എന്ന പേരില്‍ അറിയപ്പെടുന്ന തട്ടിയെടുക്കലിനും കാരണമാവുന്നത്.
അര്‍ജുന്‍ ആയങ്കിക്കു കള്ളക്കടത്തും പൊട്ടിക്കലുമുണ്ടെന്നു വ്യക്തമായിട്ടുണ്ട്. അപകടം നടന്ന ദിവസം അര്‍ജുന്‍ കരിപ്പൂരിലെത്തിയതായും കണ്ടെത്തിയിരുന്നു. അന്നു വന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ ഡി വൈ എഫ് ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അര്‍ജുന്‍ സിപിഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
Summary: Former DYFI activist Arjun Ayanki has been arrested by the Customs in connection with the Karipur gold smuggling case. He was arrested after a nine - hour interrogation. Arjun appeared for questioning with his lawyers this morning.
COMMENTS