കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആയിഷയ്‌ക്കെതിര...
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആയിഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും അവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയല്ലെന്നും അതിനാല്‍ തന്നെ അവരുടെ ഒരു പരാമര്‍ശം രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
നേരത്തെ ആയിഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനും അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കാന്‍ പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ലക്ഷദ്വീപിലെത്തിയ ആയിഷയെ മൂന്നു ദിവസം മണിക്കൂറുകളോളം കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
ലക്ഷദ്വീപ് വിഷയത്തില്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ അവര്‍ നടത്തിയ ജൈവായുധ പരാമര്‍ശമാണ് ഭരണകൂടം അവര്‍ക്കെതിരെ നീങ്ങാന്‍ കാരണം. തന്റെ പരാമര്‍ശത്തില്‍ അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നെങ്കിലും ഭരണകൂടം അതംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Highcourt, Aisha Sultana, Anticipatory bail, Lakshadweep issue
COMMENTS