റോയ് പി തോമസ് സിപിഎം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. കെ ആര്‍ ഗൗരി അമ്മയെ മുഖ്യമന്ത്രി പദത്തിനരികില്‍ വരെ കൊണ്ടു നിറുത്തിയിട്...
റോയ് പി തോമസ്
സിപിഎം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. കെ ആര്‍ ഗൗരി അമ്മയെ മുഖ്യമന്ത്രി പദത്തിനരികില്‍ വരെ കൊണ്ടു നിറുത്തിയിട്ട് ഊണില്ലെന്നു പറഞ്ഞു. ജ്യോതി ബസുവിനെ പ്രധാനമന്ത്രി പദത്തിലേക്കു ക്ഷണിച്ചപ്പോള്‍, ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഭരിക്കാനില്ലെന്നു പറഞ്ഞു.
ആദ്യത്തെ സംഭവത്തില്‍ കേരളത്തില്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടായപ്പോള്‍ രണ്ടാം സംഭവത്തിനു ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്തമാകുന്ന കാഴ്ചയാണ് കണ്ടത്.
പണ്ടു വിഎസ് അച്യുതാനന്ദനെ ഒഴിച്ചു നിറുത്താന്‍ ശ്രമം വന്നപ്പോള്‍ സുകുമാര്‍ അഴീക്കോടും വിആര്‍ കൃഷ്ണയ്യരും വരെ ശബ്ദുമുയര്‍ത്തി ആ മണ്ടത്തരം സംഭവിക്കാതെ കാത്തു.
ഇപ്പോള്‍, പാര്‍ട്ടി നയം അനുസരിക്കുമെന്നു പറഞ്ഞ് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലേക്കു മാറാന്‍ മനസ്സുകൊണ്ട് തയ്യാറെടുക്കുമ്പോള്‍ പാര്‍ട്ടി ചെയ്യുന്നത് മറ്റൊരു ആനമണ്ടത്തരമാവാതിരുന്നാല്‍ ഭാഗ്യം.
പിണറായി ഒന്നാം സര്‍ക്കാരില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു എന്നതു മാത്രമല്ല ശൈലജ ടീച്ചറുടെ പ്‌ള്‌സ് പോയിന്റ്. കേരളം കടന്നുപോകുന്ന കോവിഡ് പ്രതിസന്ധിയുടെ ആഴവും പരപ്പും അതിനെ എങ്ങനെയൊക്കെ നേരിടാമെന്ന പ്രായോഗിക അറിവും കെ കെ ശൈലജയോളം മറ്റാര്‍ക്കുമില്ല. അവരെ ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത ചെറുതല്ല.
പകരം വരുന്ന മന്ത്രി ചിലപ്പോള്‍ ശൈലജയെക്കാള്‍ നന്നായി പ്രവര്‍ത്തിച്ചെന്നിക്കാം. പക്ഷേ, പുതിയ മന്ത്രിയും പരിവാരങ്ങളും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ തന്നെ സമയം എടുക്കും. ഒരു ദിവസത്തിന്റെ നഷ്ടം പോലും ഈ സന്ദിഗ്ദ്ധ ഘട്ടത്തില്‍ കേരളത്തിനു താങ്ങാവുന്നതിനുമപ്പുറമാണ്.
മന്ത്രിസഭയില്‍ പാര്‍ട്ടിക്കാരെല്ലാം പുതുമുഖങ്ങളായത് വന്‍ വിപ്‌ളവം തന്നെയാണ്. ആ തീരുമാനത്തെ അംഗീകരിക്കാതിരിക്കാനുമാവില്ല. 22 വയസ്സുകാരിയെ തിരുവനന്തപുരം മേയറാക്കിക്കൊണ്ട് സിപിഎം നടപ്പാക്കിയ വലിയൊരു വിപ്‌ളവത്തിന്റെ തുടര്‍ച്ച തന്നെയാണ് മന്ത്രിസഭയുടെ കാര്യത്തിലും കാണുന്നത്.
ആ വിപ്‌ളവം സമ്പൂര്‍ണമാവണമായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയും മാറി നിന്നുകൊണ്ട, മിടുക്കരില്‍ മിടുക്കിയെന്നു തെളിയിച്ച കെ കെ ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ഇപ്പോഴത്തെ മന്ത്രിമാരെല്ലാം തന്നെ മുഖ്യമന്ത്രിയുടെ വരുതിയില്‍ തീര്‍ത്തും നില്‍ക്കുന്നവര്‍ തന്നെയാണ്. അങ്ങനെയാണ് വേണ്ടതും. പക്ഷേ, വരുതിയെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിലും ബിജെപിയിലും സംഭവിച്ചതു പോലെ ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് സിപിഎം പോലൊരു പാര്‍ട്ടിക്കു ഗുണം ചെയ്യുമോ എന്നു കാലം തെളിയിക്കട്ടെ.
പണ്ട് വൈദ്യുതി മന്ത്രിക്കസേരയില്‍ നിന്ന് മാറിയപ്പോള്‍ പിണറായി വിജയനു പാര്‍ട്ടി നല്കിയത് സംസ്ഥാന സെക്രട്ടറി പദമാണ്. ഇപ്പോള്‍ ശൈലജ ടീച്ചര്‍ക്കു കൊടുത്തിരിക്കുന്നത് ചീഫ് വിപ്പ് പദമാണ്. വെറുമൊരു അലങ്കാരം മാത്രമായ പദം.
ചീഫ് വിപ്പ് പദത്തില്‍ നിന്ന് ഭാവി കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ശൈലജ ടീച്ചര്‍ എത്തട്ടെയെന്നു പ്രത്യാശിക്കാം. മട്ടന്നൂരില്‍ കേരളത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം നല്കി ജനം ആദരിച്ചതും ഭാവി മുഖ്യമന്ത്രിയെ ആണെന്നു കരുതാം.
കെ ശൈലജ മട്ടന്നൂര്‍ ഭൂരിപക്ഷം-60,963
പിണറായി വിജയന്‍ ധര്‍മടം ഭൂരിപക്ഷം-50,123
രമേശ് ചെന്നിത്തല ഹരിപ്പാട് ഭൂരിപക്ഷം-13663
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി ഭൂരിപക്ഷം-8,504
COMMENTS