അഭിനന്ദ് ന്യൂഡല്‍ഹി: വിഡി സതീശനെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് എത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ ശക്തമായ ഇടപെടലായിരുന്നുവെന്ന് വ...
ന്യൂഡല്‍ഹി: വിഡി സതീശനെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് എത്തിച്ചത് രാഹുല്‍ ഗാന്ധിയുടെ ശക്തമായ ഇടപെടലായിരുന്നുവെന്ന് വ്യക്തമാവുന്നു.
താന്‍ എംപിയായി പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് രണ്ടാം വട്ടവും നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമായി മാറിയത് രാഹുലിനെ അസ്വസ്ഥനാക്കിയിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയം തന്റെ വ്യക്തിപരമായ പരാജയമായിക്കൂടി വിലയിരുത്തപ്പെടുമെന്ന ആശങ്ക രാഹുലിനുണ്ടായിരുന്നു. രമേശും ഉമ്മന്‍ ചാണ്ടിയും എന്തു നിലപാടെടുക്കുമെന്നറിയാന്‍ കൂടിയായിരുന്നു രാഹുല്‍ കുറച്ചു ദിവസം കാത്തിരുന്നത്.
പക്ഷേ, കിട്ടിയ സമയം കൊണ്ട് കേരളത്തില്‍ ഗ്രൂപ്പുകളി കൂടുതല്‍ ശക്തമാക്കാനാണ് രമേശും ഉമ്മന്‍ ചാണ്ടിയും ശ്രമിച്ചത്. ഇതു മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയിയിലും പാര്‍ട്ടിക്കു കൂടുതല്‍ മാനക്കേടുണ്ടാക്കുകയും ചെയ്തു.
ഒരു ഘട്ടത്തില്‍ ഗ്രൂപ്പ് മറന്ന് രമേശിനെ ഉമ്മന്‍ ചാണ്ടി പിന്തുണയ്ക്കുകയു ചെയ്തത് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെ അത്ഭുതമുണ്ടാക്കിയിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു രമേശിനെ പിന്തുണച്ചത്.
രമേശ് പ്രതിപക്ഷ നേതാവായി ഇരുന്നാല്‍ കെപിസിസി അദ്ധ്യക്ഷന്‍ പദവി എ ഗ്രൂപ്പിന് കൊടുക്കേണ്ടിവരും. അങ്ങനെ വന്നാല്‍ ഉമ്മന്‍ ചാണ്ടിക്കോ ഗ്രൂപ്പിലെ വിശ്വസ്തരായ തിരുവഞ്ചൂരിനോ മറ്റോ കെപിസിസി അദ്ധ്യക്ഷപദം എന്നതായിരുന്നു ഈ പിന്തുയുടെ പിന്നിലെ ലക്ഷ്യം.
എന്നാല്‍, യുവ എംഎല്‍എമാര്‍ ഗ്രൂപ്പു മറന്ന് സതീശനു വേണ്ടി ഒന്നിച്ചത് ഇരു ഗ്രൂപ്പുകളെയും അമ്പരപ്പിച്ചു. എംപിമാരും പുതിയ പ്രതിപക്ഷ നേതാവ് വേണമെന്നു ശ്ക്തമായി വാദിച്ചു. ഈ വാദത്തിന് കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ നിന്നു കെ സി വേണുഗോപാലും ഒപ്പം നിന്നു.
കേരളത്തില്‍ കെ സുധാകരനും പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. കെ മുരളീധരനും ഈ നിലപാടെടുത്തു. ഇതോടെ ഹൈക്കമാന്‍ഡ് മാറിച്ചിന്തിക്കുകയു ചെയ്തു.
ഈ മാറ്റത്തോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും പൊളിയുകയാണ്. സതീശന്‍ ഒരുകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സതീശനു പകരം എന്‍ എസ് എസിന്റെ ഉത്തരവു പ്രകാരം വി എസ് ശിവകുമാറിനെ ഉമ്മന്‍ ചാണ്ടി മന്ത്രിയാക്കിയിരുന്നു.
പിന്നീട് സതീശന്‍ ഐ ഗ്രൂപ്പിലേക്കു വന്നു. കുറച്ചുകാലം മുന്‍പ് ഐ ഗ്രൂപ്പില്‍ നിന്നു പുറത്തുവന്നു സ്വതന്ത്ര നിലപാടുമായി നിന്നു. കെ സുധാകരനും ഐ ഗ്രൂപ്പിലെ ശക്തനായിരുന്നു. അടുത്ത കാലത്തായി ഗ്രൂപ്പുമായി അടുപ്പമില്ല. കെ സി വേണുഗോപാലും ഐ ഗ്രൂപ്പിലായിരുന്നു. ഇപ്പോള്‍ ഗ്രൂപ്പിനതീതനായി വേണുഗോപാല്‍ വളര്‍ന്നിരിക്കുന്നു.
ഫലത്തില്‍ ഐ ഗ്രൂപ്പ് നിന്ന നില്പില്‍ ഒന്നുമല്ലാതാകുന്ന സ്ഥിതിയാണ് സംഭവിച്ചിരിക്കുന്നത്. എ ഗ്രൂപ്പിനും പരിക്കുകളുണ്ടെങ്കിലും ഐക്ക് ഏറ്റ അത്രയും മാരകമായ ക്ഷതം ഏറ്റിട്ടില്ല.
Keywords: Congress Party, VD Satheeshan, Rahul Gandhi, KPCC, Opposition Leader
COMMENTS