കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസ തടസ്സത്തിന് ചികിത്സയ...
കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു.
ശ്വാസ തടസ്സത്തിന് ചികിത്സയിലിരിക്കെ, കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകുന്നരത്തോടെ ആരോഗ്യനില മോശമാവുകയും ഇന്ന് പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
സംസ്‌ക്കാരം ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടത്തുമെന്ന് മകന്‍ കെ ബി ഗണേശ് കുമാര്‍ അറിയിച്ചു. ഭാര്യ : പരേതയായ ആര്‍ വത്സല. ഉഷാ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു മക്കള്‍. ബിന്ദു ഗണേശ് കുമാര്‍, മോഹന്‍ദാസ്, പി ബാലകൃഷ്ണന്‍ എന്നിവരാണ് മരുമക്കള്‍.
മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമാണ്. നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
ഇസജീവ രാഷ്ട്രീയത്തിലെത്തിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം.
വിദ്യാര്‍ത്ഥിയായിരിക്കെയാണ് തിരുവിതാംകൂര്‍ സ്റ്റുഡന്റ്‌സ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തിരു കൊച്ചി വിദ്യാര്‍ഥി ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ കെപിസിസി അംഗമായി.
യുഡിഎഫിന്റെയും കേരള കോണ്‍ഗ്രസിന്റെയും രൂപീകരണത്തില്‍ സുപ്രധാന നിര്‍ണായക പങ്കു വഹിച്ചു. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. 1977 ല്‍ കേരള കോണ്‍ഗ്രസ് (ബി) രൂപീകരിച്ചു. അദ്ദേഹം അവസാന കാലത്ത് എല്‍ഡിഎഫിലേക്കു വന്നു.
1960 ല്‍ ഇരുപത്തഞ്ചാം വയസ്സില്‍ പത്തനാപുരത്തുനിന്ന് എം എല്‍ എ ആയി. 1965 ല്‍ കൊട്ടാരക്കരയില്‍നിന്നു വീണ്ടും വിജയിച്ചു. 1967ലും 1970ലും പരാജയപ്പെട്ടു. 1971ല്‍ മാവേലിക്കരയില്‍ നിന്നു ലോക് സഭയിലെത്തി. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി കൊട്ടാരക്കര നിയമസഭാ സീറ്റില്‍ ജയിച്ചു. 2006 ല്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയോടു പരാജയപ്പെട്ടു.
അച്യുതമേനോന്‍ മന്ത്രിസഭയില്‍ 1975 ല്‍ ഗതാഗത-എക്‌സൈസ് വകുപ്പു മന്ത്രിയായി. പിന്നീട് ഇ.കെ. നായനാര്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളിലും മന്ത്രിയായി. 'പഞ്ചാബ് മോഡല്‍ പ്രസംഗ'ത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
വൈദ്യുതി മന്ത്രിയായിരിക്കെ 1982-87ല്‍ നടപ്പാക്കിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
1978 ല്‍ കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1979ല്‍ പി ഗോപികുമാര്‍ സംവിധാനം ചെയ്ത ഇവളൊരു നാടോടിയിലും 1980ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരന്‍ നായകനായ 'വെടിക്കെട്ടി'ലും അഭിനയിച്ചു. ഈ ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്താണ് വൈദ്യുതി മന്ത്രിയായത്. സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.
കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച 'നീലസാരി'യിലും അഭിനയിച്ചു. 1981 ല്‍ സി പി പദ്മകുമാര്‍ സംവിധാനം ചെയ്ത അപര്‍ണയിലും അഭിനയിച്ചു.
COMMENTS