തിരുവനന്തപുരം: വരുന്ന അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ അതിദാരിദ്ര്യം ഉന്‍മൂലനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സര്‍ക്കാരിന...
തിരുവനന്തപുരം: വരുന്ന അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ അതിദാരിദ്ര്യം ഉന്‍മൂലനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ അവരെ ദാരിദ്ര്യരേഖയ്ക്കു മുകളില്‍ എത്തിക്കും.
അതി ദാരിദ്ര്യ ലഘൂകരണത്തിനു വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.
ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തും. ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ദ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലായ് 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ട് പരിശോധിച്ചാകും തുടര്‍നടപടികള്‍ സ്വീകരിക്കും.
ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതിനും ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കുന്നതിനും വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്നതിനും പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ പരിശോധിച്ച് ജൂലായ് 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന വിപുലമായ പദ്ധതി ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ദ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും.
ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാന്‍ പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.
വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റെഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരും. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ രംഗം നവീകരിക്കാനും വളര്‍ത്താനും പ്രത്യേക നയം രൂപീകരിക്കും. യുവാക്കള്‍ക്ക് വേണ്ടി ആധുനിക സമ്പദ്ഘടനയില്‍ ലഭ്യമായ ഏറ്റവും മികച്ച വിദഗ്ദ്ധ തൊഴില്‍ സൃഷ്ടിക്കും.
25 വര്‍ഷം കൊണ്ട് മലയാളിയുടെ ജീവിതനിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുകയാണ് ലക്ഷ്യം. ഇതിനായി തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കും.
'ഉല്‍പാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത' എന്ന മുദ്രാവാക്യം കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കും. കൃഷി, ജലസേചനം എന്നീ വകുപ്പുകളുടെ ഇടപെടലുകളെ സഹകരണ മേഖലയുമായും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും.
മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികള്‍ ഒരുക്കുന്നത് പരിഗണിക്കും. ഇത് വേനല്‍ കാലത്തെ ജലസേചനവും കുടിവെള്ളത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തും.
കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷി ഭവനുകളാക്കി കൃഷിക്കാര്‍ക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും.
സംസ്ഥാനത്തെ മൊത്തം ഭൂരേഖകളുടെയും സമകാലിക വിവരങ്ങള്‍ ചേര്‍ക്കാന്‍ സമയബന്ധിത പദ്ധതി നടപ്പാക്കും. വനഭൂമിയുടെ അതിര്‍ത്തികള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഈ പദ്ധതിയെ സംയോജിപ്പിക്കും.
പാല്‍ ഉത്പാദനത്തില്‍ 2025 ആകുന്നതോടെ സ്വയം പര്യാപ്തത കൈവരിക്കും.
COMMENTS