ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇല്ല. ഇതോടെ അദ്ദേഹം കേരള മുഖ്യമന്ത്രിയു...
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇല്ല. ഇതോടെ അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകാന്‍ സാദ്ധ്യത ഏറി.
ഇന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
ഉത്തര്‍പ്രദേശ് ഡിജിപി എച്ച്.സി. അശ്വതി, എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ കെ.ആര്‍. ചന്ദ്ര, ആഭ്യന്തര സുരക്ഷാ സ്‌പെഷല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഏറെ താത്പര്യമുള്ള ആളായതിനാല്‍ ബെഹ്‌റ പരിഗണിക്കപ്പെട്ടേക്കുമെന്നു അഭ്യൂഹമുണ്ടായിരുന്നു.
സിബിഐ ഡയറക്ടര്‍ ആര്‍.കെ. ശുക്ല ഫെബ്രുവരിയില്‍ വിരമിച്ചതിനു ശേഷം അഡിഷണല്‍ ഡയറക്ടര്‍ പ്രവീണന്‍ സിന്‍ഹയാണ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഒട്ടും ഗൗരവത്തിലല്ല ഡയറക്ടര്‍ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
ഈ മാസം 31ന് ബെഹ്‌റ റിട്ടയര്‍ ആവുകയാണ്. ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് ഡിജിപി പദത്തിനായി പരിഗണിക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ ക്‌ളിയറന്‍സ് കിട്ടുന്ന മുറയ്ക്ക് പുതിയ ഡിജിപി വരും. അതിനു ശേഷം ബെഹ്‌റയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുമെന്നാണ് അറിയുന്നത്.
Keywords: Loknath Behra, CBI, India, Kerala Police, DGP
COMMENTS