തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ കേരളത്തില്‍ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ കേരളത്തില്‍ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് 23 വരെ ലോക് ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇതേസമയം, രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗണ്‍ ഈമാസം 16 വരെയാണ്.
ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും നല്‍കും. സാമൂഹ്യ പെന്ഷന് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.
ലോക് ഡൗണ്‍ നീട്ടുമ്പോള്‍ ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കേണ്ടിവരും. രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം അതിജീവിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.
വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. ക്ഷേമനിധി സഹായം കിട്ടാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ അനുവദിക്കും.
അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെ സാമൂഹ്യ നീതി വകുപ്പിലെയും വനിതാ-ശിശുവികസന വകുപ്പിലെയും താത്കാലിക ജീവനക്കാര്‍ക്ക് ലോക് ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും.
കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് നല്‍കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വര്‍ഷത്തെ പലിശ സബ്സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും. കുടുംബശ്രീയുടെ റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും. കുടുംബശ്രീ നല്കിയ വായ്പകളുടെ തിരിച്ചടവിന് ആറു മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്കിയ വായ്പകള്‍ക്കു കൂടി ഇത് ബാധകമാകും.
ടൂറിസം നികുതി, വസ്തു നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കുമെന്നും പിണറായി അറിയിച്ചു.
COMMENTS