...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയില്‍ വലയുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം കേരള നിയമസഭ ഏകകണ്‌ഠേന പാസ്സാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
ദ്വീപ് ജനതയുടെ തനത് ജീവിതരീതികള്‍ ഇല്ലാതാക്കി കാവി അജണ്ടയും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ്, എന്‍ ഷംസുദ്ദീന്‍, പി ടി തോമസ് എന്നിവര്‍ നിര്‍ദേശിച്ച ചില ഭേദഗതികളോടെ പ്രമേയം പാസ്സാക്കുകയായിരുന്നു.
തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ടാണ് ലക്ഷദ്വീപില്‍ നീക്കമാരംഭിച്ചത്. ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി ഇപ്പോള്‍ കേന്ദ്ര ഇടപെടല്‍ വളര്‍ന്നിരിക്കുന്നു.
കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വ്വമായ ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചിരിക്കുന്നു. പ്രതിഷേധങ്ങളെ നേരിടുന്നതിന് തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മത്സ്യബന്ധനം തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തകര്‍ത്തു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായ ഗോമാംസം ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിച്ചുകൊണ്ട് ഗോവധ നിരോധനമെന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പിലാക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെയും വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ നിന്നു മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, കാര്‍ഷികം എന്നീ വകുപ്പുകള്‍ എടുത്തുമാറ്റി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരം നല്കുന്നു.
രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നത് നമ്മുടെ രാജ്യത്ത് കേട്ടുകേഴ്‌വി പോലുമില്ലാത്തതാണ്.
ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതുണ്ട്.
ഒരു ജനതയുടെ ജീവിതക്രമം, സംസ്‌കാരം, ഭാഷ, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണം.
ലക്ഷദ്വീപ് ജനതയുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന പ്രമേയം സഭ ഏകകണ്ഠമായി പാസ്സാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Summary: The Kerala Legislative Assembly unanimously passed the resolution in solidarity with the Kalshadweep island people
Keywords: Kerala, Assembly, Lakshadweep, Administrator, Praful K Patel, Kerala Legislative Assembly, Resolution
COMMENTS