തിരുവല്ല: ചിരിയിലൂടെ മനുഷ്യസ്നേഹത്തിന്റെ ആഴത്തെ സമൂഹത്തിന് തുറന്ന് കാട്ടിയ ആത്മീയ ആചാര്യനും മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീ...
തിരുവല്ല: ചിരിയിലൂടെ മനുഷ്യസ്നേഹത്തിന്റെ ആഴത്തെ സമൂഹത്തിന് തുറന്ന് കാട്ടിയ ആത്മീയ ആചാര്യനും മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടുള്ള മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അവിടെനിന്നു തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ 1.25ന് ആയിരുന്നു അന്ത്യം.
മിഷന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നെങ്കിലും പിന്നീട് തിരുവല്ലയിലെ പരിശോധനയില്‍ കോവിഡ് നെഗറ്റീവായി.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്നു. ഏപ്രില്‍ 27നാണ് 104 വയസ് തികഞ്ഞത്. രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മെത്രാപ്പൊലീത്ത സ്ഥാനം അലങ്കരിച്ചെന്ന പുരോഹിതനാണ്. 1999 മുതല്‍ 2007 വരെ സഭയുടെ പരമാധ്യക്ഷനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം ചെയ്തു. ഇതിനു ശേഷമാണ് മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടത്.
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27-നാണ് ജനനം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ആലുവ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന് തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ് അഗസ്റ്റിന് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
COMMENTS