There was no sabotage, but the pilot turned off the fuel switch in the third second after takeoff, a shocking finding in the preliminary report
അഭിനന്ദ്
ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ 274 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിനു പിന്നില്‍ അട്ടിമറിയോ പക്ഷി ഇടിച്ചതോ കാരണമല്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മറിച്ച് വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫായിരുന്നുവെന്നു സംശയം ബലപ്പെട്ടിട്ടുമുണ്ട്.
''വിമാന പാതയുടെ പരിസരത്ത് കാര്യമായ പക്ഷി സാന്നിദ്ധ്യമില്ലായിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അട്ടിമറി ഉള്‍പ്പെടെ എല്ലാ സാദ്ധ്യതകളും അന്വേഷിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി (എംഒഎസ്) മുരളീധര്‍ മൊഹോള്‍ നേരത്തേ പറഞ്ഞിരുന്നു.
ജൂണ്‍ 12 ന് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനം നല്‍കുന്ന രണ്ട് ഫ്യുവല്‍ സ്വിച്ചുകളും വിച്ഛേദിക്കപ്പെട്ടതായി എഎഐബിയുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വിമാനത്തിന്റെ ബ്‌ളാക് ബോക്‌സ് ഡാറ്റയില്‍ നിന്നാണ് ഈ നിര്‍ണായക സൂചന കിട്ടിയത്. എന്തിനാണ് ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തതെന്നു സഹ പൈലറ്റ് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്നു മറ്റെയാള്‍ പറയുന്നതിന്റെ വോയിസ് റെക്കോഡ് ബ്‌ളാക് ബോകിസില്‍ നിന്നു കിട്ടി.
വിമാനം 180 നോട്ട് വേഗമാര്‍ജ്ജിച്ചതിനു പിന്നാലെ ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ രണ്ട് എന്‍ജിനുകളുടെയും ഫ്യുവല്‍ സ്വിച്ച് ഓഫാവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിലച്ചതോടെ മുന്നോട്ടു കുതിക്കാനാവാതെ വിമാനം താഴേക്കു പതിച്ചു.
വിമാനത്തിലുണ്ടായിരുന്ന 242 പേരും വിമാനം വീണ സ്ഥലത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ കുട്ടികളും ഉള്‍പ്പെടെയാണ് 274 പേര്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. റന്നുയര്‍ന്ന് 32 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് വിമാനം തകര്‍ന്നു വീണത്.
വിമാനത്തിന് ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിച്ച ബൗസറുകളില്‍ നിന്നും ടാങ്കുകളില്‍ നിന്നും എടുത്ത ഇന്ധന സാമ്പിളുകള്‍ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഇന്ധനം നിലവാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
![]() |
സെക്കന്‍ഡുകള്‍ക്ക് ശേഷം സ്വിച്ചുകള്‍ വീണ്ടും ഓണാക്കി. അപ്പോഴേക്കും വൈകിപ്പോയിരുന്നു. തുടര്‍ന്നാണ് പൈലറ്റ് മെയ് ഡേ... അപായ സൂചന നല്കിയത്.
ഫസ്റ്റ് ഓഫീസറും ക്യാപ്റ്റനും ഏതൊക്കെ പരാമര്‍ശങ്ങളാണ് നടത്തിയതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സുമീത് സബര്‍വാളായിരുന്നു കമാന്‍ഡിംഗ് പൈലറ്റ്. 56 കാരനായ അദ്ദേഹത്തിന് 15,638 മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ടായിരുന്നു. കൂടാതെ എയര്‍ ഇന്ത്യ ഇന്‍സ്ട്രക്ടറുമായിരുന്നു.
3,403 മണിക്കൂര്‍ പരിചയമുള്ള ക്ലൈവ് കുന്ദര്‍ (32) ആയിരുന്നു കോ-പൈലറ്റ്. 787 വിമാനത്തില്‍ ഇരുവരും ചേര്‍ന്ന് 9,000 മണിക്കൂര്‍ പറന്നിട്ടുണ്ട്. യാത്രയ്ക്കു മുന്‍പ് ഇരുവര്‍ക്കും മതിയായ വിശ്രമം കിട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സ്വിച്ചുകള്‍ ആകസ്മികമായി 'ബമ്പ്' ചെയ്യാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 'അശ്രദ്ധമായ ചലനം' തടയുന്ന ഒരു ലോക്കിംഗ് സംവിധാനമുള്ളതാണ് ഫ്യുവല്‍ സ്വിച്ചുകള്‍.
പൈലറ്റുമാരില്‍ ഒരാള്‍ തന്നെയാവണം ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടാവുകയെന്ന് വ്യോമയാന വിദഗ്ധന്‍ കീത്ത് ടോങ്കിന്‍ പറഞ്ഞു. ത്രസ്റ്റ് ലിവറുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ വിമാനത്തിന്റെ ഓട്ടോപൈലറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വിമാനം ഫ്യുവല്‍ സ്വിച്ചുകള്‍ സ്വയം 'കട്ട്-ഓഫ്' ആയി മാറ്റുകയും ചെയ്യില്ല. പൈലറ്റിന്റെ ഇടപെടല്‍ തന്നെയാവാണം അവിടെ ഉണ്ടായിരിക്കുക.
വിമാനം ലാന്‍ഡിംഗിന് ശേഷം ഗേറ്റിലേക്ക് മാറ്റുമ്പോള്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ 'കട്ട്-ഓഫ്' ചെയ്യും. ഇതിനു പുറമേ മറ്റൊരു സാധ്യത എഞ്ചിനുകളില്‍ ഒന്നിന് തീപിടിക്കുകയോ പക്ഷി ആക്രമണത്തില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ആണ്.
'അനുവദനീയമായ പരിധിക്കുള്ളിലായിരുന്നു വിമാനത്തിലെ ലോഡ്. അപകടകരമായ വസ്തുക്കളൊന്നും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. ഫ്‌ലൈറ്റ് പാതയുടെ പ്രദേശത്ത് 'കാര്യമായ പക്ഷി സാന്നിദ്ധ്യം' ഇല്ലായിരുന്നു.
ഇപ്പോള്‍ വന്നിരിക്കുന്നത് പ്രാഥമിക റിപ്പോര്‍ട്ടാണ്. അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരു വര്‍ഷം വരെ എടുക്കാം.
Summary: There was no sabotage, but the pilot turned off the fuel switch in the third second after takeoff, a shocking finding in the preliminary report of the Air India disaster.
COMMENTS