തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വ്യാഴാഴ്ച 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ട്രിപ്പിള്...
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വ്യാഴാഴ്ച 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്ക്കുന്ന തലസ്ഥാന ജില്ലയില്‍ ആളെ കൂട്ടി പൊതു ചടങ്ങ് നടത്തുന്നതിനെതിരേ വ്യാപക ആക്ഷേപം വന്നതോടെയാണ് 750ല്‍ നിന്ന് പങ്കെടുക്കുന്നവരുടെ എണ്ണം 500 ആയി കുറച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് 3.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന വേദിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
ഒഴിവാക്കാനാകാത്തവരെ മാത്രം ഉള്‍പ്പെടുത്തിയായരിക്കും സത്യപ്രതിജ്ഞയെന്നും അമ്പതിനായിരം പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ 500 പേരാണ് പങ്കെടുക്കുകയെന്നും പിണറായി പറഞ്ഞു.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ജനങ്ങളുടെ മധ്യത്തില്‍ അവരുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ തന്നെയാണ് നടക്കേണ്ടത്. അത് ജനാധിപത്യത്തിലെ കീഴ്വഴക്കമാണ്.
നിര്‍ഭാഗ്യവശാല്‍ കോവിഡ് നിമിത്തം ജനങ്ങളുടെ ആഘോഷ ത്തിമിര്‍പ്പിനിടയില്‍ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ചടങ്ങ് നടത്തുന്നത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അഞ്ചു വര്‍ഷം മുമ്പ് നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് എണ്ണം ചുരുക്കുന്നത്.
500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍എമാരും 29 എംപിമാരുമുണ്ട്. നിയമസഭാ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് സാധാരണ നിലയില്‍ ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല. ജനാധ്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേച്ചറും എക്സിക്യുട്ടീവും ജുഡിഷ്യറിയും.
ഈ മൂന്നിനേയും ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഒഴിവാക്കാനാവില്ല. ഇവമൂന്നും ഉള്‍പ്പെട്ടാലേ ജനാധിപത്യം അതിന്റെ സ്വത്വതയോടെ പുലരൂ. ഈ സാഹചര്യത്തിലാണ് ന്യായാധിപന്‍മാരെയും ഉദ്യോഗസ്ഥരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
COMMENTS