ജാവേദ് റഹ്മാന്‍ കോഴിക്കോട് : കൊറോണ വൈറസ് വ്യാപനം തടയാന്‍ എല്ലാവരും ചട്ടങ്ങളും ജാഗ്രതയും പാലിക്കണമെന്നു ഒരു വര്‍ഷത്തിലേറെയായി നിത്യവും വൈകുന്...
ജാവേദ് റഹ്മാന്‍
കോഴിക്കോട് : കൊറോണ വൈറസ് വ്യാപനം തടയാന്‍ എല്ലാവരും ചട്ടങ്ങളും ജാഗ്രതയും പാലിക്കണമെന്നു ഒരു വര്‍ഷത്തിലേറെയായി നിത്യവും വൈകുന്നേരം പത്രസമ്മേളനം നടത്തി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗത്തിന്റെ സമൂഹവ്യാപനത്തിന് അറിഞ്ഞുകൊണ്ടു കാരണക്കാരനായെന്ന് വ്യാപക ആരോപണം. രോഗം നെഗറ്റീവായി ആശുപത്രി വിട്ട മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് കൊറോണ വൈറസ് ബാധിതനെന്നറിഞ്ഞിട്ടും പൊതു വേദികളിലെത്തിയതിനെ അതിരൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരേയാണ് ഇപ്പോള്‍ ഗുരുതര ആരോപണം ഉയരുന്നത്.
ആരോപണം 1
മകള്‍ വീണയ്ക്ക് രോഗമുണ്ടെന്ന് അറിഞ്ഞിട്ടും പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന് സ്വയം ക്വാറന്റീനില്‍ കഴിയുന്നതിനു പകരം മുഖ്യമന്ത്രി നേരത്തേ വോട്ടിടാന്‍ എത്തുകയും നാട്ടുകാരുമായും പോളിംഗ് ഉദ്യോഗസ്ഥരുമായും അടുത്തിടപഴകുകയും ചെയ്തു. തിരഞ്ഞെടുപ്പു ദിവസം വൈകി മുഖ്യമന്ത്രിയുടെ മകള്‍ വീണ പിപിഇ കിറ്റ് ധരിച്ചു വോട്ടു ചെയ്യാനെത്തിയപ്പോഴാണ് അവര്‍ക്കു രോഗം ബാധിച്ചതായി പൊതുസമൂഹം അറിയുന്നത്. ഇതിനു മുന്‍പ് മുഖ്യമന്ത്രി അകമ്പടി സഹിതം വന്ന് വോട്ടിട്ടു പോവുകയും ചെയ്തിരുന്നു. വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും രോഗം ബാധിച്ചിരുന്നു.
ആരോപണം 2
തനിക്ക് രോഗം ബാധിച്ചതായി മുഖ്യമന്ത്രി ഫേസ് ബുക്കിലൂടെ നാട്ടുകാരെ അറിയിച്ചത് ഏപ്രില്‍ എട്ടിന്. കൊറോണ ചട്ടപ്രകാരം രോഗം ബാധിച്ച് ആശുപത്രിയിലായാല്‍ പത്തു ദിവസം കഴിഞ്ഞാണ് നെഗറ്റീവ് ആയോ എന്നറിയാന്‍ പരിശോധന നടത്തേണ്ടത്. മുഖ്യമന്ത്രിക്ക് ഈ ചട്ടമൊന്നും ബാധകമായില്ല. ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവാണെന്നു കണ്ട് മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു പോയി. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ച അദ്ദേഹം ക്വാറന്റീനില്‍ കഴിയും.
ആരോപണം 3
മുഖ്യമന്ത്രിക്ക് ഏപ്രില്‍ നാലിനു തന്നെ രോഗലക്ഷണം കണ്ടിരുന്നുവെന്നും അതിനാല്‍ ഇപ്പോള്‍ നടത്തിയ പരിശോധന ചട്ടപ്രകാരം തന്നെയാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എംപി ശശി പറഞ്ഞു. അങ്ങനെയെങ്കില്‍ രോഗമുണ്ടെന്നു മനസ്സിലാക്കിയിട്ടും മുഖ്യമന്ത്രി വന്‍ ജനാവലിക്കു നടുവില്‍ ധര്‍മടത്ത് റോഡ് ഷോ നടത്തുകയും നിരവധി പൊതു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തത് അതിഗുരുതരമായ സമൂഹ വിരുദ്ധ നടപടിയായി മാറും. സംഗതി പുലിവാലാകുമെന്നു വൈകി മനസ്സിലാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തിരുത്തുമായി വൈകാതെ രംഗത്തുവന്നു. നാലിന് മുഖ്യമന്ത്രിക്കു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതേയുള്ളൂ എന്നും പരിശോധന നടത്തിയത് എട്ടിനാണെന്നുമായിരുന്നു തിരുത്ത്. അപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തതില്‍ ചട്ടലംഘനമില്ലേ എന്ന ചോദ്യത്തിന് പ്രിന്‍സിപ്പലിന് ഉത്തരമില്ല.
വീണാ വിജയന്‍ പിപിഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാന്‍ എത്തിയപ്പോള്‍
മുഖ്യമന്ത്രിയുടെ ഭാര്യ കമലക്കും രോഗം ബാധിച്ചിട്ടുണ്ട്. അവര്‍ മുഖ്യമന്ത്രിക്കൊപ്പം വീട്ടിലേക്കു പോയി. രോഗി ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു പോകേണ്ടത് ആംബുലന്‍സിലാണ്. പക്ഷേ, മുഖ്യമന്ത്രിയുടെ ഭാര്യ ആയതിനാല്‍ ഈ ചട്ടവും കാറ്റില്‍ പറത്തി നെഗറ്റീവായ മുഖമന്ത്രിക്കൊപ്പം ഭാര്യയും വീട്ടിലേക്കു പോയി.
ആരോപണം അഞ്ച്
കോവിഡ് ബാധിച്ച വ്യക്തികള്‍ സമൂഹത്തോട് അകലം പാലിക്കണമെന്നിരിക്കെ, ആശുപത്രി വിടുന്ന മുഖ്യമന്ത്രിയേയും ഭാര്യയേയും യാത്രയാക്കാന്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ ഉള്‍പ്പെടെ എത്തി!
മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകന്‍ ഇഷാനും രോഗമുക്തനായി വീട്ടിലേക്കു തിരിച്ചു. രോഗമുണ്ടെങ്കിലും മറ്റു ലക്ഷണങ്ങളില്ലാത്തതിനാലാണ് കമലാ വിജയനും ആശുപത്രിവിട്ടത്. വീണയ്ക്കും ഭര്‍ത്താവ് റിയാസിനും നേരത്തേ തന്നെ നെഗറ്റീവായിരുന്നു.
Keywords: Chief Minister Pinarayi Vijayan, Covid symptoms, Pinarayi, Kerala, Dharmadam, Veena, Kamala
COMMENTS