തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ, കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ആയിരിക്കുമെന്...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ, കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ആയിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൃത്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും ഇതിന്റെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്വയം ലോക്ക് ഡൗണ്‍ എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. മാസ്‌ക് ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്തുപോകില്ലെന്നും ഓരോ വ്യക്തിയും തീരുമാനിക്കണം.
രണ്ടാമത്തെ തരംഗത്തില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെ അല്ലാതെയും രോഗം പകരുന്നതായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം രോഗാണു വായുവില്‍ ഒരുപാട് നേരം തങ്ങി നില്‍ക്കുന്നു എന്നോ ഒരുപാടു ദൂരം വായുവിലൂടെ സഞ്ചരിക്കുന്നോ എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്‌ക് ധരിക്കാതെ അശ്രദ്ധമായി ഒരു മുറിയില്‍ ഇരുന്നാലും ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പകരാന്‍ പ്രാപ്തമാണ് പുതിയ ജനിതകവ്യതിയാനം സംഭവിച്ച വൈറസ്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിവ് കൂടുതലാണ്.
ടെസ്റ്റിംഗ് കേന്ദ്രങ്ങളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആള്‍ക്കൂട്ടം പാടില്ല. രോഗം ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടുതലായി വരുന്നുണ്ട്. വാക്‌സിന്‍ എടുത്ത് കുറേ ദിവസങ്ങള്‍ കഴിഞ്ഞാകും വാക്‌സിന്‍ വഴി ലഭിക്കുന്ന സംരക്ഷണം ലഭിക്കുക.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ ആഹ്‌ളാദപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്‌ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളില്‍ ആള്‍കൂട്ടം സൃഷ്ടിക്കരുത്.
COMMENTS