ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ പരിഹസിച്ച ആലപ്പുഴ എംപി എ.എം ആരിഫിനെതിരേ സോഷ്യല്‍ മീഡിയയില്‍ പടയൊരുക്കം. തിരഞ്ഞെടു...
ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ പരിഹസിച്ച ആലപ്പുഴ എംപി എ.എം ആരിഫിനെതിരേ സോഷ്യല്‍ മീഡിയയില്‍ പടയൊരുക്കം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതൊക്കെ സാധാരണക്കാര്‍ക്കു പറ്റിയ പണിയല്ലെന്ന രീതിയില്‍ പരോക്ഷമായി ആരിഫ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ഇടതു പക്ഷത്തെ തിരിഞ്ഞുകൊത്തുന്നത്.
ഇവിടെ നടക്കുന്നത് പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പല്ലെന്നും പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മല്‍സരിച്ചാല്‍ മതിയെന്നുമായിരുന്നു ആരിഫിന്റെ പരിഹസിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എല്‍ഡിഎഫ് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു ആരിഫ് വിവാദപരാമര്‍ശം നടത്തിയത്.
പ്രാരബ്ധമാണ് ഇവിടെ മാനദണ്ഡമെങ്കില്‍ അതു പറയണം. പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതി- എന്നായിരുന്നു ആരിഫിന്റെ പരിഹാസം.
കേട്ടിരുന്നവര്‍ ചിരിച്ചുവെങ്കിലും വാക്കുകള്‍ ഇപ്പോള്‍ യുഡിഎഫിനു കിട്ടിയ ആയുധം പോലെയായി. എംപിയുടെ പരാമര്‍ശം യുഡിഎഫ് അനുകൂലികള്‍ പരമാവധി പ്രചരിപ്പിക്കുന്നുണ്ട്. പണിയെടുത്തു ജീവിക്കുന്ന പെണ്‍കുട്ടിയെ അധിക്ഷേപിച്ചതിനെതിരേ പല കോണുകളില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുയര്‍ന്നതോടെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സിപിഎം.
ആരിഫിന്റെ പ്രസ്താവന തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് അരിതാ ബാബു പ്രതികരിച്ചു. തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആരിഫ്, തന്നെമാത്രമല്ല നാട്ടില്‍ അദ്ധ്വാനിക്കുന്ന മറ്റു തൊഴിലാളികളെ കൂടിയാണ് അവഹേളിച്ചതെന്നും അരിത പറഞ്ഞു.
അച്ഛന്‍ അസുഖബാധിതനായതിനെ തുടര്‍ന്നാണ് അരിത പശുവളര്‍ത്തലും പാല്‍ വിതരണവും ഏറ്റെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ അരിതയ്ക്കു വലിയ ജനപിന്തുണയാണ് കിട്ടിയത്. ഇതു കൂടുതല്‍ കൂട്ടുന്നതിനാണ് ഇപ്പോള്‍ ഇടത് എംപി നിമിത്തമായിരിക്കുന്നത്.
സിറ്റിംഗ് എംഎല്‍എ യു പ്രതിഭയോടാണ് അരിത ഏറ്റുമുട്ടുന്നത്. പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അരിതയ്ക്കു വേണ്ടി പ്രചരണത്തിനെത്തിയിരുന്നു.
അരിതയെ കറവക്കാരി എന്നു വിളിച്ച് ഇടതു പക്ഷം ആക്ഷേപിച്ചതും വിവാദമായിരുന്നു. അരിതയുടെ വീട്ടിനു നേരേ ആക്രമണവുമുണ്ടായിരുന്നു. തൊഴിലെടുത്ത് അന്തസ്സോടെ ജീവിക്കുന്ന പൊതു പ്രവര്‍ത്തകയെ അധിക്ഷേപിച്ച് ആരിഫ് പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
COMMENTS