ദീപക് നമ്പ്യാര്‍ ചെന്നൈ: എതിരാളികളെയും അടുപ്പക്കാരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി വി കെ ശശികല പ്...
ദീപക് നമ്പ്യാര്‍
ചെന്നൈ: എതിരാളികളെയും അടുപ്പക്കാരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി വി കെ ശശികല പ്രഖ്യാപിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശശികലയെ എഡിഎംകെയില്‍ എത്തിച്ചു ഭരണം ഉറപ്പാക്കാന്‍ ബിജെപി പിന്നണിയില്‍ ചരടുവലിക്കുന്നതിനിടെയാണ് ശശികല രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് അണ്ണാ ഡി.എം.കെ അദ്ധ്യക്ഷയായി സ്വയം അവരോധിതയായ ശശികല ഏതാനും ദിവസം മുന്‍പാണ് അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയത്.
ഇനി തമിഴ് രാഷ്ട്രീയത്തിലേക്കില്ലെന്നും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കണെമെന്നും ശശികല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.തമിഴ്‌നാട്ടില്‍ ഏപ്രില്‍ ആറിനാണ് നിമയസഭാ തിരഞ്ഞെടുപ്പ്. ശശികലയെ കൂടി എഡിഎംകെയില്‍ എത്തിച്ചു ഭരണം പിടിക്കാന്‍ ബിജെപി പിന്നണിയില്‍ നീക്കം നടത്തുകയായിരുന്നു. എന്നാല്‍, ശശികലയെ ഒരു കാരണവശാലും ഒപ്പം നിറുത്താനാവില്ലെന്നു മുഖ്യമന്ത്രി പളനിസാമിയും ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വവും നിലപാടെടുത്തിരുന്നു. ഇതിനിടയിലും ബിജെപി ഒത്തുതീര്‍പ്പിന് ഇടനില നില്്ക്കുന്നുണ്ടായിരുന്നു.
മിക്കവാറും എല്ലാ അഭിപ്രായ സര്‍വേകളും ഇക്കുറി തമിഴ് നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നു പ്രവചിക്കുന്നുണ്ട്. ശശികല പിന്മാറുന്നതിന് ഇതും കാരണമായി പറയപ്പെടുന്നു. ഡിഎംകെയെ പിണക്കിയാല്‍ കണക്കറ്റ സ്വത്തുക്കളുടെ പേരില്‍ താന്‍ വീണ്ടും വേട്ടയാടപ്പെടുമെന്നു ശശികല ഭയക്കുന്നുണ്ട്. അധികാരവഴിയില്‍ നിന്ന് ഒഴിഞ്ഞുനിന്നാല്‍ തത്കാലം സുരക്ഷിയാവാന്‍ അവര്‍ക്കു കഴിയും.
ഇതേസമയം, അധികാരം കിട്ടാതാവുന്നതോടെ എഡിഎംകെയില്‍ കലാപം രൂക്ഷമാവും. ഈ അവസരം നോക്കി പാര്‍ട്ടി തലപ്പത്തേയ്ക്കു തിരിച്ചുവരാനുള്ള തന്ത്രപരമായ പിന്മാറ്റമായാണ് ഇപ്പോഴത്തെ റിട്ടയര്‍മെന്റിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Keywords: AIADMK, V K Sasikala, DMK, Assembly elections, God, Amma, Tamil Nadu , Bengaluru prison
COMMENTS