സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കളത്തിനു പുറത്തായേക്കും സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം രണ്ടു തവണ മത്സരിച്ചു ജയിച്ചവര്‍ക്കു സീറ്റു നല്‌കേണ...
സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കളത്തിനു പുറത്തായേക്കും
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം രണ്ടു തവണ മത്സരിച്ചു ജയിച്ചവര്‍ക്കു സീറ്റു നല്‌കേണ്ടതില്ലെന്ന സിപിഎം നിലപാടിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക്, ജി സുധാകരന്‍, എകെ ബാലന്‍ എന്നിവര്‍ ഇക്കുറി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
രണ്ടു തവണ മത്സരിച്ചവരുടെ പട്ടികയില്‍ വരുന്നതിനാല്‍ സ്പീക്കാര്‍ ശ്രീരാമകൃഷ്ണനും ഒഴിവാക്കപ്പെടാനാണ് സാദ്ധ്യത. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് ഉയര്‍ന്നിരിക്കുന്നത്. ആര്‍ക്കെങ്കിലും ഇളവു നല്കണോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തീരുമാനിക്കും.
സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ നിര്‍ദ്ദേശം വന്നത്. ഇത് പാര്‍ട്ടി തീരുമാനമായി പുറത്തുവന്നിട്ടില്ല. മത്സരിക്കാനില്ലെന്ന് അറിയിച്ച മന്ത്രി സി രവീന്ദ്രനാഥും മാറി നില്ക്കും.
ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറി പദം നല്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ സെക്രട്ടറി എ വിജയരാഘവന്‍ മലമ്പുഴയില്‍ മത്സരിച്ചേക്കും. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കു തിരിച്ചുവരുമെന്നു ശ്രുതിയുണ്ടായിരുന്നു. ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയായാല്‍ കോടിയേരിക്കു നല്കാന്‍ ലാവണമില്ലാത്ത സ്ഥിതി വരും. അങ്ങനെയെങ്കില്‍ കോടിയേരിയും മത്സരരംഗത്ത് ഇറങ്ങിക്കൂടാതില്ല.
മത്സര സന്നദ്ധത നേരത്തേ കോടിയേരി പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, മത്സരിക്കാനില്ലെന്നാണ് കോടിയേരി മാധ്യമങ്ങളോടു കഴിഞ്ഞ ദിവസം പറഞ്ഞത്.
എകെ ബാലന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗത്വം ഭാവിയില്‍ നല്കിയേക്കും. ഐസക്കിന്റെയും സുധാകരന്റെയും രാഷ്ട്രീയ ഭാവി എന്താവുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
ഇതിനിടെ, കോഴിക്കോട് എംഎല്‍എ എ പ്രദീപ് കുമാര്‍, റാന്നി എം എല്‍ എ രാജു എബ്രഹാം, കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റി എന്നിവര്‍ക്കും സീറ്റില്ലെന്നാണ് അറിയുന്നത്. കോഴിക്കോട് സീറ്റ് നിലനിറുത്താന്‍ പ്രദീപ് കുമാര്‍ തന്നെ വേണമെന്ന വാദം നിലനില്ക്കുന്നുമുണ്ട്. കോഴിക്കോട്ട് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്ന സംവിധായകന്‍ രഞ്ജിത്ത് മത്സരംഗത്തുനിന്നു പിന്മാറിയതിനു ശേഷമാണ് പ്രദീപിന് സീറ്റില്ലെന്ന വാര്‍ത്ത പരന്നിരിക്കുന്നത്.
Keywords: CPM, Election, Thomas Issac, AK Balan, EP Jayarajan, Polit Bureau
COMMENTS