തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നു കേന്ദ്ര ആഭ്യന്...
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബി.ജെ.പി കേരള അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
സ്വര്‍ണം കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ, ആ പ്രതിക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ, നിങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സര്‍ക്കാര്‍ ചെലവില്‍ ഈ സ്ത്രീയെ വിദേശത്ത് കൊണ്ടുപോയില്ലേ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഈ സ്ത്രീ നിത്യസന്ദര്‍ശക ആയിരുന്നില്ലേ, കള്ളക്കടത്ത് പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലേ, ഈ വിഷയത്തില്‍ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പിണറായി വിജയനോടും ഇടതു സര്‍ക്കാരിനോടും അമിത് ഷാ ഉന്നയിക്കുന്നത്.
കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് പിണറായി വിജയന്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയണം.
കേരളത്തിലെ രണ്ട് മുന്നണികളുടേയും ആശങ്ക ഈ നാടിനെക്കുറിച്ചല്ല, അവരുടെ വോട്ടുബാങ്കിനെ കുറിച്ചാണ്. സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളായ എസ്ഡിപിയുമായും മറ്റും സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നു.
കോണ്‍ഗ്രസ് മുസ്ലിം ലീഗുമായി സഖ്യത്തിലാണ്. കോണ്‍ഗ്രസ് കേരളത്തില്‍ സിപിഎമ്മിനെതിരാണ്. എന്നാല്‍ ബംഗാളില്‍ ചെന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യകക്ഷികളാണ്. മഹാരാഷ്ട്രയില്‍ ചെന്നാല്‍ ഇവര്‍ ശിവസേനയുമായി സഖ്യത്തിലാണ്. ഏതാണ് നിങ്ങളുടെ നയം. എന്താണ് നിങ്ങളുടെ രാഷ്ട്രീയദിശ.
ഡോളര്‍, സ്വര്‍ണം കള്ളക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി ഉത്തരം പൊതുവേദിയില്‍ പറയണം. സ്വര്‍ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രി തുറന്നുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അയ്യപ്പ ഭക്തരോട് അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യമനുസരിച്ചു വേണം. ശബരിമലയില്‍ സര്‍ക്കാര്‍ അതിക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നു.
സാമൂഹിക പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും ഭൂമിയായിരുന്ന കേരളം ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യു.ഡി.എഫ് വരുമ്പോള്‍ സോളാര്‍ ആണെങ്കില്‍ എല്‍.ഡി.എഫ് വരുമ്പോള്‍ ഡോളര്‍ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‌ക്കെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചടങ്ങില്‍ സംബന്ധിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. അടുത്തിടെ ബിജെപിയിലേക്കു ചേക്കേറിയ മെട്രോ മാന്‍ ഇ ശ്രീധരന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. അമിത് ഷായെ അണിയിക്കാന്‍ ശ്രീധരന്‍ കൊണ്ടുവന്ന ഷാള്‍ ഷാ വാങ്ങി ശ്രീധരനെ അണിയിച്ചതും കൗതുകക്കാഴ്ചയായി.
Keywords: Amit Sha, BJP, Pinarayi Vijayan, K surendran, Sreedharan, Election
COMMENTS