ന്യൂഡല്‍ഹി : മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹയായി. രാഷ്ട്രം 72-ാം റിപബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയി...
ന്യൂഡല്‍ഹി : മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹയായി. രാഷ്ട്രം 72-ാം റിപബ്‌ളിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ നല്കിയാണ് രാഷ്ട്രം ആദരിക്കുന്നത്.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീ ലഭിച്ചു. കായിക താരം പി ടി ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാര്‍ (കായികം), കെ കെ രാമചന്ദ്ര പുലവര്‍ (കല), ബാലന്‍ പുതേരി (സാഹിത്യം) ഡോ. ധനഞ്ജയ് ദിവാകര്‍ (മെഡിസിന്‍) എന്നിവരാണ് പത്മശ്രീ പുരസ്‌കാരം ലഭിക്കുന്ന കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മറ്റുള്ളവര്‍.
ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ് പി ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി ബി ലാല്‍, ബി എം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്കുന്നത്.
ലോക് സഭയുടെ മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് എന്നിവര്‍ക്കും പത്മഭൂഷണ്‍ ബഹുമതി ലഭിക്കും.
നാഗ് പൂരില്‍ നിന്നു വയനാട്ടിലെത്തി ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ. ധനഞ്ജയ് ദിവാകര്‍ വയനാട് മുട്ടിലിലെ വിവേകാനന്ദ ആശുപത്രയില്‍ ജനറല്‍ ഫിസിഷ്യനാണ്. അരിവാള്‍ രോഗത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇവിടെ മൂന്നു പതിറ്റാണ്ടിലേറെയായി നിസ്വാര്‍ത്ഥ സേവനത്തിലാണ് ഡോ. ധനഞ്ജയ് ദിവാകര്‍.
പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ നിവാസിയായ കെ കെ രാമചന്ദ്ര പുലവര്‍ പാവക്കൂത്ത് എന്ന കലയെ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. പാവക്കൂത്ത് കലാകാരന്മാരുടെ കുടുംബത്തിലാണ് ജനനം.
COMMENTS