ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ താല്‍കാലികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി അംഗീകരിക്കാതെ കര്‍ഷകര്‍. നിയമ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ താല്‍കാലികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി അംഗീകരിക്കാതെ കര്‍ഷകര്‍. നിയമം പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പുമില്ലെന്നു കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നിയമം തത്കാലത്തേയ്ക്കു മരവിപ്പിക്കുകയും വിഷയം പഠിക്കുന്നതിന് നാലംഗ സമിതി രൂപീകരിക്കുകയും ചെയ്തത്.
അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ധാന്‍വത്, ഭാരതീയ കിസാനന്‍ യൂണിയന്‍ അദ്ധ്യക്ഷന്‍ ഭൂപീന്ദര്‍സിങ് മാന്‍, എന്നിവരാണ് സമിതി അംഗങ്ങള്‍. എന്നാല്‍, ഇവരില്‍ ആദ്യത്തെ മൂന്നു പേരും നിയമത്തെ അനുകൂലിക്കുന്നവരാണെന്നും ഇപ്പോഴത്തെ നടപടി കൊണ്ട് ഒരു കാര്യവുമില്ലെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ കക്ഷികള്‍ തുറന്നടിച്ചിരിക്കുകയാണ്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അധികാരപരിധിയില്‍ നിന്നുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതി സംഘടനകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. പ്രശ്‌നം പരിഹരിക്കുന്നതിനാണ് നോക്കുന്നതെന്നും കോടതി പറഞ്ഞു.
സമിതിയെ വച്ചാല്‍ സഹകരിക്കില്ലെന്ന് കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ എം എല്‍ ശര്‍മ കോടതിയെ അറിയിച്ചിരുന്നു. നിയമം പിന്‍വലിക്കാതെ മധ്യസ്ഥ സമിതി കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കര്‍ഷകരുടെ യഥാര്‍ഥപ്രശ്‌നങ്ങള്‍ ഇന്നലെ കോടതിക്കു മുന്നില്‍ വന്നിരുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും ശര്‍മ പറഞ്ഞു.
നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
സമരം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കുറുക്കുവഴി തേടുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുറന്നടിക്കുകയും ചെയ്തു. സമരം തീര്‍ക്കാന്‍ ഈ സമിതിക്കു കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Farmers, strike, Kerala, India, Supreme Court
COMMENTS