സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന് വന്ന അപ്രതീക്ഷിത രൂപാന്തരം ആഗോളതലത്തില്‍ കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന് വന്ന അപ്രതീക്ഷിത രൂപാന്തരം ആഗോളതലത്തില്‍ കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നു.
ദിവസങ്ങളായി ചുഴലിക്കാറ്റ് മന്നാര്‍ കടലിടുക്കില്‍ നിന്നേടത്തു തന്നെ ചുറ്റിത്തിരിയുന്നത് ശാസ്ത്രജ്ഞരെ ഒരേസമയം അമ്പരപ്പിക്കുകയും കൗതുകത്തിലാക്കുകയും ചെയ്യുന്നു.
മൂന്നു ഭാഗത്തുനിന്ന് ഒരേസമയം ഉണ്ടായ സമ്മര്‍ദ്ദമാണ് ശ്രീലങ്കയുടെ വടക്ക് ഭാഗത്തിനും ഇന്ത്യയില്‍ കന്യാകുമാരിക്കും ഇടയില്‍ മന്നാര്‍ കടലിടുക്കില്‍ ചുഴലിക്കാറ്റിനെ തളച്ചിടുന്നതെന്നാണ് നിഗമനം.
വടക്കുപടിഞ്ഞാറ് ദിശയിലേക്ക് അതിവേഗത്തില്‍ കടന്നുപോകുമെന്നു കരുതിയിരുന്ന ചുഴലിക്കാറ്റിന് ശ്രീലങ്ക കടന്നതോടെ ശക്തികുറഞ്ഞുവരികയായിരുന്നു. പക്ഷേ, മന്നാര്‍ കടലിടുക്ക് നടന്നാല്‍ ഉടന്‍ തന്നെ അറബിക്കടലില്‍ നിന്ന് കൂടുതല്‍ ഗതികോര്‍ജ്ജം ലഭ്യമാക്കി മുന്നോട്ടു നീങ്ങുമെന്നായിരുന്നു പ്രവചനം.
എന്നാല്‍, 90 കിലോമീറ്റര്‍ വരെ ശക്തിയില്‍ വീശും എന്ന് കരുതിയിരുന്ന ചുഴലിക്കാറ്റ് കാറ്റ് നിന്ന് ഭാഗത്തുതന്നെ ചുറ്റിത്തിരിയുന്ന അവസ്ഥയിലേക്ക് പെട്ടെന്ന് മാറുകയായിരുന്നു. ഇതൊരു അസാധാരണ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
ഈ പ്രതിഭാസത്തിന് കാരണം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഒരേസമയം പുതിയ ന്യൂനമര്‍ദ്ദം ഉണ്ടായതും അന്തരീക്ഷത്തിന്റെ മുകള്‍തട്ടില്‍ ശക്തമായ വായു പ്രവാഹം സംഭവിക്കുകയും ചെയ്തതാണ്. ഇങ്ങനെ മൂന്നു ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദ്ദം വന്നതോടുകൂടി ചുഴലിക്കാറ്റിന് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ വന്നു.
മാത്രമല്ല, മന്നാര്‍ കടലിടുക്കിന് ആഴം വളരെ കുറവായതിനാല്‍ ചുഴലി കാറ്റിന് ശക്തി ആര്‍ജിക്കാന്‍ വേണ്ട ഗതികോര്‍ജ്ജം മന്നാര്‍ കടലില്‍നിന്ന് ലഭിക്കാതെയും പോയി. ഇതിനിടെ കേരളത്തിലേക്ക് ചുഴലിക്കാറ്റ് കടക്കുന്നത് സഹ്യപര്‍വ്വതനിരകള്‍ തടഞ്ഞു.
ഇതോടെ തിരിച്ചു തെക്കോട്ട് തന്നെ നീങ്ങി കടലില്‍ തളയ്ക്കപ്പെട്ടു. കന്യാകുമാരി തീരം വഴി പുറത്തേക്ക് പോകുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് നടത്തുന്നത്. ഇതിന് ആന്തരികമായ ശക്തി ഉപയോഗിക്കുന്നത്. പക്ഷേ സഹ്യപര്‍വ്വതവും ജാഫ്‌നയുടെ വടക്കുഭാഗത്തുള്ള മലനിരകളും ചേര്‍ന്ന് ഈ നീക്കങ്ങള്‍ പ്രതിരോധിക്കുന്നത് ഓരോ മണിക്കൂറിലും ബുറെവിയുടെ ശക്തി കുറയ്ക്കുന്നുണ്ട്.
അതിഗുരുതരമായ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനമായാണ് ചുഴലിക്കാറ്റിന് വന്ന ഈ മാറ്റത്തെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ബുറെവിക്ക് ഇങ്ങനെ ഒരു മാറ്റം സംഭവിച്ചു എങ്കിലും വരുംനാളുകളില്‍ ഇതിലും ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ നാം പ്രതീക്ഷിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Keywords: Burevi, Cyclone, India, Kerala, Tamilnadu, Palk Strait, Mannar Sea
COMMENTS