സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: നിലപാടില്‍ നിന്ന് അണുവിട മാറാന്‍ കര്‍ഷക നേതാക്കള്‍ തയ്യാറാകാതെ വന്നതോടെ, കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നിലപാടില്‍ നിന്ന് അണുവിട മാറാന്‍ കര്‍ഷക നേതാക്കള്‍ തയ്യാറാകാതെ വന്നതോടെ, കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
അടുത്ത വട്ട ചര്‍ച്ച മറ്റന്നാള്‍ നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിനോട് കര്‍ഷകര്‍ പ്രതികരിച്ചിട്ടില്ല. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാട് ആവര്ത്തിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കര്‍ഷക സംഘടനാ നേതാക്കള്‍ വഴങ്ങിയില്ല.
വിവാദ നിയമത്തില്‍ എട്ട് ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും അതു കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കര്‍ഷക സംഘടന നേതാക്കള്‍ ആരോപിച്ചു.
തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഭേദഗതികള്‍ക്കാവില്ല. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ശക്തികളുടെ പിടിയിലായിരിക്കുന്നുവെന്ന് യോഗത്തില്‍ കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
നിയമങ്ങള്‍ പിന്‍വലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നിരത്തിയെങ്കിലും കര്‍ഷകര്‍ വഴങ്ങിയില്ല. നിയമം പിന്‍വലിക്കുന്നില്ലെങ്കില്‍ യോഗം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് സംഘടനാ നേതാക്കള്‍ നിലപാടെടുത്തു. ഇതോടെ, ചര്‍ച്ച മുന്നോട്ടു പോകാത്ത സ്ഥിതിയായി.
തുടര്‍ന്ന് നിലപാട് ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ച കുറച്ചു സമയം നിറുത്തിവച്ചു. വീണ്ടും യോഗം ആരംഭിച്ചപ്പോഴാണ് എട്ട് ഭേദഗതികള്‍ ആവാമെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചത്.
കര്‍ഷകര്‍ കടുത്ത നിലപാടിലേക്കു മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം സര്‍ക്കാര്‍ എഴുതി നല്‍കുകയും ചെയ്തു.
സമരം രൂക്ഷമാകുയും രാജ്യാന്തര തലത്തില്‍ സമരക്കാര്‍ക്ക് അനുകൂലമായി അഭിപ്രായം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമഭേദഗതി എന്ന ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വഴങ്ങിയാല്‍ അതു സര്‍ക്കാരിന്റെ പരാജയമായി വിലയിരുത്തപ്പെടുമെന്ന ആശങ്ക ബിജെപിക്കുണ്ട്.
ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ തമ്പടിച്ചു കിടക്കുന്നത് കേന്ദ്ര സര്‍ക്കാരിനു വലിയ തലവേദനയായിരിക്കുകയാണ്. സമരം ഏതു വിധവും ഒത്തുതീര്‍ക്കാനുള്ള ആലോചനയിലാണ് കേന്ദ്രം. പക്ഷേ, നിയമം പിന്‍വലിക്കാനും അവര്‍ക്കാവുന്നില്ല.
ഇതിനിടെ, ഭാരത് ബന്ദിനു പുറമേ, പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണിയും കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും ജന്തര്‍ മന്തറിലേക്ക് പ്രക്ഷോഭം മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
Keywords: Farmer Strike, India, Kerala, Narendra Modi
COMMENTS