സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു.
കൊലക്കുറ്റം തെളിഞ്ഞതായും പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്നും കോടതി വ്യക്തമാക്കി.
കോസിലെ സാക്ഷി മൊഴികള്‍ വിശ്വസനീയമാണെന്നും തെളിവ് നശിപ്പിച്ചതിന് കോട്ടൂരും സ്‌റ്റെഫിയും കുറ്റക്കാരാണെന്നും കോടതിക്കു ബോധ്യപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ നേരത്തേ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ അന്തേവാസിനിയായിരുന്ന സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്.
പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കണ്ടതിനെ തുടര്‍ന്നാണ് അവരെ 1992 മാര്‍ച്ച് 27ന് വകവരുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
വിധികേട്ട് സ്‌റ്റെഫി കോടതിയില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കോട്ടൂര്‍ നിര്‍വികാരനായി നിന്നു. താന്‍ നിരപരാധിയാണെന്നും ദൈവത്തിന്റെ കോടതയില്‍ ശിക്ഷ കിട്ടില്ലെന്നുമായിരുന്നു കോട്ടൂരിന്റെ പ്രതികരണം. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സ്‌റ്റെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
അഭയയ്ക്കു നീതി ലഭിക്കുന്നതു കാണാന്‍ അവരുടെ അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പില്ല. നീതി ലഭിച്ചുവെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അഭയയുടെ സഹോദരന്‍ ബിജു തോമസ് പ്രതികരിച്ചു.
ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ കേസ് നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സിബിഐ ഏറ്റെടുത്തു. അഭയ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത് സിബിഐയാണ്.
തോമസ് കോട്ടൂര്‍, സെഫി എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ വിടുതല്‍ 2019 ജൂലായ് 15ന് തള്ളിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 26ന് സിബിഐ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുകയായിരുന്നു. ഡിസംബര്‍ പത്തിന് വാദം പൂര്‍ത്തിയായിരുന്നു.
133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് സിബിഐയുടെ കുറ്റപത്രത്തിലുള്ളത്. 28 വര്‍ഷത്തിനിടെ പല സാക്ഷികളും മരിച്ചുപോയതിനാല്‍ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയില്‍ വിസ്തരിക്കാനായുള്ളൂ.
ഒരു സാക്ഷിയെ പോലും പ്രതിഭാഗത്തിന് വിസ്തരിക്കാന്‍ കഴിഞ്ഞില്ലെന്നതും ഈ കേസിന്റെ പ്രത്യേകതയാണ്.
COMMENTS