സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: തങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിജയം നല്കി കേരളം ഇടതു മുന്നണിയെ നെഞ്ചേറ്റുമ്പോള്‍ നെഞ്ചിടിക്കുന്നത് ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: തങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിജയം നല്കി കേരളം ഇടതു മുന്നണിയെ നെഞ്ചേറ്റുമ്പോള്‍ നെഞ്ചിടിക്കുന്നത് യുഡിഎഫിനും ബിജെപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ മൂന്നോ നാലോ മാസം മാത്രം ബാക്കിനില്‌ക്കെ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇത്രയും തിളക്കമുള്ള വിജയം ഇടതു നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വളഞ്ഞിട്ടു പിടിക്കുന്ന വേളയിലാണ് ഇത്രയും മികച്ച ജയമെന്നത് ഇടതു മുന്നണിക്കു, പ്രത്യേകിച്ച് സിപിഎമ്മിനു നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. സ്വര്‍ണം കള്ളക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും കോടിയേരിയുടെ മകന്റെ മയക്കുമരുന്നു കേസുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചാവിഷയങ്ങളായിരുന്നു. അതൊന്നും പക്ഷേ, ജനം ചെവിക്കിട്ടില്ലെന്നതാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ തിരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം പറഞ്ഞിരുന്നു. അത്രയും വലിയ ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ക്ക് ഒന്നും മിണ്ടാനാവാത്ത സ്ഥിതിയായിരിക്കുന്നു.
മുനിസിപ്പാലിറ്റികളില്‍ അത്യാവശ്യം നല്ല പ്രകടനം നടത്താനായതു മാത്രമാണ് യു ഡി എഫിന് പറഞ്ഞുനില്‍ക്കാന്‍ എന്തെങ്കിലും നല്കുന്നത്.
ബിജെപിക്കും തിരിച്ചറിവിന് അവസരം നല്കുന്നതാണ് ഫലം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, വിചാരിച്ചതു പോലെ അവര്‍ക്കു മുന്നേറ്റമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും രണ്ടാം സ്ഥാനത്താണ് ബിജെപി.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് ബിജെപിയുടെ മേയാറായിരിക്കും ഭാവിയിലെന്നായിരുന്നു എന്‍ ഡി എ നേതാക്കള്‍ പ്രസംഗിച്ചു നടന്നത്. വിവി രാജേഷ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളെ രംഗത്തിറക്കിയായിരുന്നു മത്സരം. ഇതോടെ, ഇടതുപക്ഷം ഉണര്‍ന്നു. അതിന്റെ നേട്ടം ഇടതു മുന്നണിക്കുണ്ടായി. 100ല്‍ 51 സീറ്റ് പിടിച്ച് ഇടതു പക്ഷം നില മെച്ചപ്പെടുത്തിയപ്പോള്‍ ബിജെപി കഴിഞ്ഞ തവണത്തെപ്പോലെ 34 സീറ്റില്‍ ഒതുങ്ങിനിന്നു. യുഡിഎഫ് ആകട്ടെ മൂന്നാം സ്ഥാനത്ത് ദയനീയ നിലയിലാവുകയും ചെയ്തു.
ശബരിമലയില്‍ കൈപൊള്ളിയതിനാല്‍ സഭാതര്‍ക്കത്തില്‍ വളരെ സൂക്ഷിച്ചും തന്ത്രപൂര്‍വവുമാണ് സര്‍ക്കാര്‍ പ്രവര്‍്ത്തിച്ചത്. ഇതിനും ഫലം കണ്ടിരിക്കുന്നു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയത് ഇടതുമുന്നണിക്ക് കോട്ടയത്ത് സഹായമായി.
ജനകീയ വിഷയങ്ങള്‍ മാറ്റിവച്ച് സ്വപ്‌ന, ശിവശങ്കര്‍, ബിനീഷ് കോടിയേരി തുടങ്ങിയ പേരുകള്‍ വിഷയങ്ങളാക്കി മാറ്റി മത്സരിച്ചത് തിരിച്ചടിയായെന്ന് യുഡിഎഫ് മനസ്സിലാക്കുന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളാണ് പ്രധാനമെന്ന് അവര്‍ ഇനിയെങ്കിലും മനസ്സിലാക്കട്ടെ.
ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞിരുന്നു. അശരണര്‍ക്കു വീടു ന്‌ല്കുന്ന പദ്ധതി റദ്ദാക്കുമെന്നു നേതാവ് പറഞ്ഞതോടെ അടിസ്ഥാന വര്‍ഗം ആശങ്കയിലായിരുന്നു. അതിന്റെ ഗുണം ഇടതു മുന്നണിക്കു കിട്ടുകയും ചെയ്തു.
ജോസ് കെ മാണിയെക്കാള്‍ പിജെ ജോസഫ് ഒപ്പം നില്ക്കുന്നതായിരിക്കും നല്ലതെന്ന തോന്നലും തിരിച്ചടിയായി. വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്ക് ഇടതു മുന്നണി വലിയ പ്രചരണ വിഷയമാക്കി മാറ്റിയിരുന്നു. ഇതു പല പോക്കറ്റുകളിലും യുഡിഎഫിനു തിരിച്ചടിയുണ്ടാക്കി. ഈ നീക്കുപോക്ക് യു ഡി എഫിലും ആശയക്കുഴപ്പമുണ്ടാക്കി.
ഈ തിരഞ്ഞെടുപ്പു നല്കുന്ന സൂചന വരും നാളുകളില്‍ ബിജെപി കേരള രാഷ്ട്രീയത്തില്‍ കരുത്തുറ്റ ശക്തിയായി വളരുമെന്നു തന്നെയാണ്. അതിന്റെ ക്ഷീണം ഇടതു മുന്നണിക്കായിരിക്കില്ല, കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനു തന്നെയായിരിക്കും.
Keywords: kerala, LDF, UDF, Election, CPM, Congress, BJP
COMMENTS