തിരുവനന്തപുരം: ഈ മാസം 31 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്മേളനത്തിന് ഗവര്‍...
തിരുവനന്തപുരം: ഈ മാസം 31 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
സഭ വിളിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കാനും യോഗത്തില്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സഭ വിളിച്ചു ചേര്‍ക്കുന്ന കാര്യം ഡിസംബര്‍ 21ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഡിസംബര്‍ 23ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. അതീവ അടിയന്തര പ്രാധാന്യമുളള കാര്‍ഷിക നിയമ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിക്കാനിരുന്നത്.
ഈ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചില്ല. എന്നാല്‍, കാര്‍ഷികരംഗവും കര്‍ഷക സമൂഹവും നേരിടുന്ന ആശങ്കകളും പ്രശ്‌നങ്ങളും ഗൗരവതരമായി തുടരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഡിസംബര്‍ 31ന് സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
കാര്‍ഷികരംഗവും കര്‍ഷക സമൂഹവും ദേശീയതലത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കേരളം ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന സംസ്ഥാനമാണ്. അതിനാല്‍, രാജ്യത്തെ ഇതരഭാഗങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതു താത്പര്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചചെയ്യുന്നത് ഉചിതമായിരിക്കും. കര്‍ഷകരുടെ പ്രതിഷേധം തുടരുന്നതിനാല്‍ ഇതൊരു അടിയന്തര പ്രശ്നമായി കണക്കാക്കി, കേരളം നേരിടാവുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
COMMENTS