തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്ക...
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശ്രീലങ്കയ്ക്ക് കിഴക്കുനിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരത്ത് കാറ്റ് എത്തുമെന്നാണ് കരുതുന്നത്.
സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചുവെന്നും വിജയന്‍ പറഞ്ഞു. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കന്‍ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടെ കേരളത്തിലേക്ക് കടക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോ മീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും.
എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും. അസാധാരണമായ ചുഴലിക്കാറ്റ് രൂപീകരണം ആയതുകൊണ്ടുതന്നെ കൃത്യമായ സഞ്ചാരപഥത്തെ കുറിച്ച് കൂടുതല്‍ വ്യക്തത അടുത്ത മണിക്കൂറുകളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാം.
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയേക്കും.
ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഡിസംബര്‍ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
* എന്‍ഡിആര്‍എഫിന്റെ എട്ട് ടീമുകള്‍ എത്തി.
* വ്യോമസേന കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസില്‍ സജ്ജമാണ്.
* നാവികസേനയും സജ്ജമാണ്.
* നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും.
* തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര; കൊല്ലം ജില്ലയിലെ കല്ലട, ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള,പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ ഡാമുകള്‍ തുറന്നുവിട്ടുകഴിഞ്ഞു.
* പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭയാശങ്ക വേണ്ട.
* ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ കണ്ടെത്തി.
* നിലവില്‍ സംസ്ഥാനത്ത് 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞു.
* മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം.
* മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കും.
* വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകള്‍ ബലപ്പെടുത്തണം.
* മെഴുകുതിരി, തീപ്പെട്ടി, റേഡിയോ, ചാര്‍ജ്ജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങള്‍ എന്നിവ കരുതണം. * വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം. * സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാം. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും.
* ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
* ഡിസംബര്‍ 3 മുതല്‍ 5 വരെ തീയതികളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
Keywords: Kerala, Burevy cyclone, Kerala, NDRF
COMMENTS