സ്‌കോര്‍: മുംബയ് : 200/5 (20 ഓവര്‍) / ഡല്‍ഹി : 118/7 (20 ഓവര്‍) ദുബായ്: ബാറ്റിംഗിലും ബൗളിംഗിലും കുട്ടിക്കളി കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ...
സ്‌കോര്‍:
മുംബയ് : 200/5 (20 ഓവര്‍) / ഡല്‍ഹി : 118/7 (20 ഓവര്‍)
ദുബായ്: ബാറ്റിംഗിലും ബൗളിംഗിലും കുട്ടിക്കളി കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് ചുരുട്ടിക്കെട്ടി മുംബയ് ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലിലേക്ക്.
പതിമൂന്നാം സീസണിലെ ആദ്യ ക്വാളിഫയറില്‍ മുംബയ് തകര്‍ത്താടിയപ്പോള്‍ ശ്രേയസ് അയ്യര്‍ക്കും കൂട്ടര്‍ക്കും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 14 റണ്‍സ് വിട്ടുകൊടുത്തു നാലു വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് ഇന്നു കളി മുംബയ്ക്ക് അനുകൂലമായി തിരിച്ചുവിട്ടത്. ബുംറ തന്നെയാണ് കളിയിലെ കേമന്‍.
മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ തുടക്കം അതിദയനീയമായിരുന്നു. രണ്ടാം പന്തില്‍ പൃഥ്വി ഷാ ഡക്കായി മടങ്ങി. ഡി കോക്കിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.
തൊട്ടു പിന്നാലെ ശിഖര്‍ ധവാനും അജിന്‍ക്യ രഹാനെയും കൂടി ഡക്കായതോടെ ഡല്‍ഹിയുടെ വിധി കുറിക്കപ്പെടുകയായിരുന്നു. ധവാനെ ബുറ ബൗള്‍ഡാക്കിയപ്പോള്‍ രഹാനയെ ഡി കോക് എല്‍ബിയില്‍ കുടുക്കി.
പിന്നാലെ വന്ന ക്യാപ്ടന്‍ അയ്യര്‍ നിലയുറപ്പിക്കുമെന്നു തോന്നലുണ്ടാക്കിയെങ്കിലും എട്ടു പന്തില്‍ 12 റണ്‍സെടുത്തു നില്‍ക്കെ ബുംറയുടെ യോര്‍ക്കറില്‍ ബൗള്‍ഡായി.
അധികം വൈകാതെ ഋഷഭ് പന്തും വന്നതുപോലെ മടങ്ങി. ഒന്‍പതു പന്ത് നേരിട്ട പന്ത് മൂന്നു റണ്‍സ് സമ്പാദിച്ചു. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ അനാവശ്യ ആക്രമണത്തിനു മുതിര്‍ന്ന് സൂര്യകുമാര്‍ യാദവിനു ക്യാച്ച് സമ്മാനിച്ചാണ് പന്ത് മടങ്ങിയത്.
മറുവശത്ത് മാര്‍കസ് സ്‌റ്റോയിനിസ് ശ്രദ്ധയോടെ മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചു മുന്നേറുന്നുണ്ടായിരുന്നു. 46 പന്തില്‍ 65 റണ്‍സെടുത്ത സ്റ്റോയിനിസിന്റെ ഇന്നിംഗിന് ആറു ഫോളും മൂന്നു സിക്‌സും നിറം ചാര്‍ത്തി.
അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് സ്‌റ്റോയിനിസ് ടീമിനെ കരകയറ്റുമെന്നു തോന്നിച്ച ഘട്ടത്തില്‍ ബുംറയെ തിരിച്ചുവിളിച്ച് രോഹിത് ശര്‍മ കളിയുടെ ഗതി തിരിച്ചു. സ്‌റ്റോയിനിസിനെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു.
പട്ടേല്‍ 33 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 42 റണ്‍സെടുത്തു.Give us a 💙 if you will be cheering in the MI Blue and Gold on November 10 😍#OneFamily #MumbaiIndians #MI #Dream11IPL #MIvDC pic.twitter.com/Q3sm3e8AUB
— Mumbai Indians (@mipaltan) November 5, 2020
ഡാനിയല്‍ സാംസ് റണ്ണൊന്നുമെടുക്കാതെ ബുംറയുടെ പന്തില്‍ ഡി കോക് പിടിച്ചു പുറത്തായി. 15 റണ്‍സുമായി റബാഡയും റണ്‍സൊന്നുമെടുക്കാതെ നോര്‍ജേയും കളി അവസാനിക്കുന്നതിനു സാക്ഷികളായി.
പുറത്താകാതെ 30 പന്തില്‍ മൂന്നു സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 55 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബയുടെ ടോപ് സ്‌കോറര്‍.
രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡക്കായെങ്കിലും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ യാദവും മുംബയ്ക്കായി ദീപാവലി തന്നെ തീര്‍ത്തു.
4.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 78-ല്‍ നില്‍ക്കെ 40 റണ്‍സെടുത്ത ഡികോക്കിനെ പുറത്താക്കി അശ്വിന്‍ മുംബയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 25 പന്തിലായിരുന്നു ഡി കോക് 40 റണ്‍സെടുത്തത്.
11.5 ഓവറില്‍ സൂര്യകുമാര്‍ യാദവും (38 പന്തില്‍ 51) പുറത്തായി. പിന്നീട് ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് കടിഞ്ഞാണ്‍ ഏറ്റെടുത്തു.
പാണ്ഡ്യ 14 പന്തില്‍ അഞ്ച് സിക്‌സുകള്‍ സഹിതം 37 റണ്‍സെടുത്തു. പൊള്ളാര്‍ഡ് റണ്‍സെന്നും എടുക്കാതെ മടങ്ങി.
ക്രുനാല്‍ പാണ്ഡ്യ 10 പന്തില്‍ 13 റണ്‍സെടുത്തു.Live scenes from Delhi Capitals' dressing room: #ipl2020 pic.twitter.com/W8u96ZrBeD
— Riya (@reaadubey) November 5, 2020
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമിനെ തന്നെ ഡല്‍ഹി ഇക്കുറിയും കളത്തിലിറക്കി. ഡല്‍ഹിക്ക് വേണ്ടി അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
പാറ്റിന്‍സണ്‍, ധവാല്‍ കുല്‍ക്കര്‍ണി, സൗരഭ് തിവാരി എന്നിവര്‍ക്ക് പകരം ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ മുംബയ് ടീമിലുള്‍പ്പെടുത്തി.
മുംബയ്ക്കായി ട്രെന്റ ബോള്‍ട്ട് രണ്ട് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം ഒന്‍പതു റണ്‍സിനു രണ്ടു വിക്കറ്റ് വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യ, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
COMMENTS