ജ്വല്ലറി തട്ടിപ്പ് : ലീഗ് എംഎല്‍എ കമറുദ്ദീന്‍ അറസ്റ്റില്‍ സ്വന്തം ലേഖകന്‍ കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെ...
ജ്വല്ലറി തട്ടിപ്പ് : ലീഗ് എംഎല്‍എ കമറുദ്ദീന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍
കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെയുമെല്ലാം വളഞ്ഞുപിടിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് തിരക്കിട്ട് സംസ്ഥാന പൊലീസ് കമറുദ്ദീനെ അറസ്റ്റു ചെയ്തത്.
കുറേ നാളായി അന്വേഷണം നടക്കുന്നുവെങ്കിലും കമറുദ്ദീനെ അറസ്റ്റു ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വം അനുമതി കൊടുത്തിരുന്നില്ല. എന്നാല്‍, പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ ചില നടപടികള്‍ കൂടിയേ കഴിയൂ എന്ന സ്ഥിതിയാണ്. ഇതിന്റെ തുടര്‍ച്ചയാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ പി അനില്‍ കുമാറിനെ സോളാര്‍ കേസിന്റെ അനുബന്ധമായ പീഡക്കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ചോദ്യം ചെയ്തതും അറസ്റ്റു ചെയ്യാന്‍ നീക്കം നടത്തുന്നതും.
അന്വേഷണ സംഘ തലവന്‍ വി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനു ശേഷമാണ് കമറുദ്ദീനെ അറസ്റ്റു ചെയ്തത്. എണ്ണൂറോളം പേരില്‍ നിന്നായി 150 കോടി രൂപതട്ടിയെടുത്തുവെന്നതാണ് കമറുദ്ദീനെതിരായ കേസ്.
ഇന്നു രാവിലെ കാസര്‍കോട്ടെ എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് കമറുദ്ദീനെ ചോദ്യംചെയ്തത്. കമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കി.
നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ മുസ്ലിം ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട മാഹിന്‍ ഹാജിയെയും കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ജ്വല്ലറി എംഡി പൂക്കോയ തങ്ങളെയും കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്ത് ജ്വല്ലറിയുടെ ആസ്തിബാധ്യതകളെ സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വര്‍ണ സ്‌കീമുകളിലൂടെയും വാങ്ങുകയായിരുന്നു. ലീഗ് അണികളും അനുഭാവ പ്രവാസി സംഘടനാ പ്രവര്‍ത്തകരുമാണ് തട്ടിപ്പിനിരയായവരില്‍ അധികവും.
ജ്വല്ലറിയുടെയും കമറുദ്ദീന്റെയും ആസ്തികള്‍ വിറ്റ് ആറു മാസത്തിനകം ബാധ്യത തീര്‍ക്കുമെന്ന് സംസ്ഥാന നേതൃത്വം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ പിന്നീട് കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.
ജ്വല്ലറി പൂട്ടിയപ്പോള്‍തന്നെ കമറുദ്ദീന്‍ ആസ്തികള്‍ വിറ്റതായാണ് അറിയുന്നത്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ ബാക്കി ആസ്തികള്‍ ഡയറക്ടര്‍മാര്‍ക്കോ മധ്യസ്ഥനോ വില്‍ക്കാനാവാത്ത സ്ഥിതിയുമാണ്. എന്നാല്‍, കമ്പനി രേഖയില്‍ ഒരിടത്തും പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതായി പറയുന്നുമില്ല.
ലീഗ് നേതൃത്വം ഇടപെട്ടപ്പോള്‍ പണം കിട്ടുമെന്നു പലരും കരുതി. അതിനാല്‍ കേസിനും പോയില്ല. പക്ഷേ, കമറുദ്ദീന്‍ പണം നല്കില്ലെന്നു വന്നതോടെ 109 വഞ്ചനാ കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞ് കൈകഴുകുകയും ചെയ്തു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കമറുദ്ദീന്റെ തട്ടിപ്പ് വലിയ ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
COMMENTS