തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത വസ്തുക്കളെ സംബന്ധിച്ച മഹസറില്‍ ഒപ്പിടാന്‍ കുടുംബം തയ്യാറാകാതെ വന്നതോടെ കോടിയേ...
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത വസ്തുക്കളെ സംബന്ധിച്ച മഹസറില്‍ ഒപ്പിടാന്‍ കുടുംബം തയ്യാറാകാതെ വന്നതോടെ കോടിയേരിയില്‍ നാടകീയ രംഗങ്ങള്‍. മണിക്കൂറുകള്‍ക്കു ശേഷം ബിനീഷ് കോടിയേരിയുടെ ഭാര്യ റിനീറ്റ വീട്ടില്‍ നിന്നു പുറത്തെത്തി ബന്ധുക്കളെ കണ്ടു.
ഇന്നലെ രാവിലെ ഒന്‍പതിന് ആരംഭിച്ച റെയ്ഡ് കഴിഞ്ഞ് ഇന്നും പോകാനാവാതെ ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം. കണ്ടെടുത്ത വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ കൊണ്ടുവച്ചതാണെന്നും ഒപ്പിട്ടു നല്കാനാവില്ലെന്നുമാണ് ബിനീഷിന്റെ ഭാര്യ നിലപാടെടുത്തത്. ഇതോടെയാണ് തര്‍ക്കവും സംഘര്‍ഷ സ്ഥിതിയുമായത്.
ഇന്നു രാവിലെ പതിനൊന്നു മണിയോടെ വീട്ടിനകത്തു നിന്നു കുഞ്ഞുമായി പുറത്തെത്തിയ റിനീറ്റ, ജീവന്‍ പോയാലും മഹസറില്‍ ഒപ്പിടില്ലെന്നും തന്നെ ഇ ഡി ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. അവര്‍ വീട്ടില്‍ നിന്നു കണ്ടെടുത്തെന്നു പറയുന്ന സാധനങ്ങള്‍ തന്നെ കാണിച്ചിട്ടില്ലലെന്നും റിനീറ്റ വ്യക്തമാക്കി.
സംസ്ഥാന പൊലീസിനെ വിശ്വാസമില്ലാത്തതിനാല്‍ സിആര്‍പിഎഫിനെയും കര്‍ണാടക പൊലീസിനെയും കൂട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ വീട്ടില്‍ ഇന്നലെ പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ രാത്രി ഏഴു മണിയോടെ പരിശോധന അവസാനിച്ചു.
ബിനീഷിന്റെ വീട്ടില്‍ നിന്ന് കൂട്ടുപ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെ കണ്ടെത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. എന്നാല്‍, ഡെബിറ്റ് കാര്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് കൊണ്ടുവച്ചതാണെന്നാണ് റിനീറ്റ പറയുന്നത്.
ബിനീഷിന്റെ ഭാര്യ റിനീറ്റയും രണ്ടര വയസ്സുള്ള കുഞ്ഞും ഭാര്യയുടെ അമ്മയും വീട്ടിനുള്ളിലുണ്ട്. അവരെ കാണാന്‍ മറ്റു ബന്ധുക്കളെ സിആര്‍പിഎഫ് അനുവദിക്കുന്നില്ല. കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റും സിആര്‍പിഎഫും ചേര്‍ന്നു തടഞ്ഞുവച്ചിരിക്കുകയാണെന്നും ബിനീഷിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും മറ്റു ബന്ധുക്കള്‍ ആരോപിക്കുന്നു.
ബിനീഷിന്റെ അഭിഭാഷകന്‍ മുരുക്കുമ്പുഴ വിജയകുമാര്‍ ഇന്നലെ രാത്രി കുടുംബത്തെ കാണാനെത്തിയെങ്കിലും അകത്തേയ്ക്കു കടക്കാന്‍ അനുവദിച്ചില്ല. ഇഡി കുടുംബത്തെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് രാത്രി 11.30ന് അഡ്വ. വിജയകുമാര്‍ ആരോപിച്ചിരുന്നു.
ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനെയും അമ്മയേയും വീട്ടുതടങ്കലിലാക്കിയെന്നും ഇന്ന് കോടതിയെ സമീപിക്കുമെന്നും അഡ്വ. വിജയകുമാര്‍ പറഞ്ഞിരുന്നു.
ഇതിനിടെ, ഇന്നു രാവിലെ എട്ടരയോടെ കോടിയേരിയുടെ ഭാര്യാ സഹോദരി ഉള്‍പ്പെടെ ബന്ധുക്കള്‍ വീട്ടിനകത്തുള്ളവരെ കാണാനെത്തിയെങ്കിലും അകത്തേയ്ക്കു കടത്തിവിട്ടില്ല. ഫോണ്‍ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചിരിക്കുന്നതിനാല്‍ അവരുടെ സ്ഥിതി അറിയാനാകുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇഡിയുടെ അനുമതിയില്ലാതെ ആരെയും അകത്തു കടത്തിവിടാനാവില്ലെന്ന നിലപാടിലാണ് സിആര്‍പിഎഫ്. ഗേറ്റിനു മുന്നിലെത്തിയ ബന്ധുക്കളും ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി.
കുട്ടിയേയും തടഞ്ഞുവച്ചിരിക്കുന്നതിനാല്‍ ബാലാവകാശ കമ്മിഷനെ ബന്ധുക്കള്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ബിനീഷിന്റെ വീട്ടിലെത്തിയിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൂജപ്പുര പൊലീസ് സ്ഥലത്തെത്തിയെങ്കിലും റെയ്ഡുമായി സഹകരിക്കാന്‍ പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞിരുന്നു.
Keywords: Kerala, Police, Binish Kodiyeri, Rinita, Enforcement Directorate
COMMENTS