സ്‌കോര്‍: ഡല്‍ഹി 3-189, ഹൈദരാബാദ് 8-172 അബുദാബി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്ണിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍ ഐപിഎല്‍ ഫൈനലില്‍ ക...
സ്‌കോര്‍: ഡല്‍ഹി 3-189, ഹൈദരാബാദ് 8-172
അബുദാബി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്ണിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍ ഐപിഎല്‍ ഫൈനലില്‍ കടന്നു. ആദ്യമായാണ് ഡല്‍ഹി ഫൈനലില്‍ എത്തുന്നത്.
ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം ഏഴരയ്ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബയ് ഇന്ത്യന്‍സിനെ ഡല്‍ഹി ഫൈനലില്‍ നേരിടുക. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹയിുമായി ഏറ്റുമുട്ടിയപ്പോള്‍ വിജയം മുംബയ്ക്കായിരുന്നു.
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിയെ ആദ്യമായി ഐപിഎല്‍ ഫൈനലില്‍ എത്തിച്ചത്.
രണ്ടാം ക്വാളിഫയറില്‍ ഓപ്പണറായി ഇറങ്ങി 27 പന്തില്‍ 38 റണ്ണടിച്ച സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി ഗംഭീര പ്രകടനം കാഴ്ചവച്ചു.
ടോസ് നേടി ബാറ്റ് ചെയ്യാനും മാര്‍കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കാനുമുള്ള ഡല്‍ഹി ക്യാപ്ടന്‍ ശ്രേയസ് അയ്യരുടെ തീരുമാനം തീര്‍ത്തും ശരിയായിരുന്നു.
ധവാന്‍ 50 പന്തില്‍ 78 റണ്‍സെടുത്തു. ആറ് ഫോറും രണ്ട് സിക്സറും പറത്തിയാണ് ധവാന്‍ ടൂര്‍ണമെന്റിലെ നാലാം അര്‍ദ്ധ സെഞ്ചുറി നേടിയത്.
അഞ്ച് ഫോറും ഒരു സിക്സറും സഹിതം സ്റ്റോയിനിസ് ധവാനോടൊപ്പം 8.2 ഓവറില്‍ 86 റണ്‍ നേടി. മൂന്ന് റണ്ണില്‍ നില്‍ക്കെ സ്റ്റോയിനിസ് നല്‍കിയ ക്യാച്ച് ജാസണ്‍ ഹോള്‍ഡര്‍ വിട്ടത് ഡല്‍ഹിക്ക് അനുഗ്രഹമായി.
സ്റ്റോയിനിസ് മടങ്ങിയ ശേഷം ധവാന് കൂട്ടെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 20 പന്തില്‍ 21 റണ്ണെടുത്തു നില്‍ക്കെ, ഹോള്‍ഡറുടെ പന്തില്‍ മനീഷ് പാണ്ഡെ പിടികൂടി പുറത്തായി. പിന്നീട് വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മെയര്‍ (22 പന്തില്‍ 42) കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഋഷഭ് പന്തും (2) പുറത്തായില്ല.
ജയിക്കാന്‍ 190 റണ്‍ എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിനു വേണ്ടി കെയ്ന്‍ വില്യംസണ്‍ അവസാനംവരെ പൊരുതി. 45 പന്തില്‍ 67 റണ്ണെടുത്ത് വില്യംസണ്‍ വീണതോടെ ഡല്‍ഹി വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രിയം ഗാര്‍ഗും (17) ഡേവിഡ് വാര്‍ണറും (2) ജാസണ്‍ ഹോള്‍ഡറും (11) വേഗം മടങ്ങിയതോടെ ഹൈദരാബാദിന്റെ പ്രതീക്ഷയെല്ലാം വില്യംസണിലായിരുന്നു.
പതിനേഴാം ഓവറില്‍ വില്യംസണ്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 5-147. എന്നാല്‍, ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്ത് കഗീസോ റബാദ ഡല്‍ഹിയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു.
റബാദ നാല് വിക്കറ്റ് വഴ്ത്തി. 16 പന്തില്‍ 33 റണ്ണെടുത്ത് കശ്മീരി താരം സമദ് തിളങ്ങി. റാഷിദ് ഖാന്‍ 11 റണ്ണെടുത്തു, വിക്കറ്റ് കീപ്പര്‍ ഗോസ്വാമി ആദ്യപന്തില്‍ തന്നെ മടങ്ങി.
Keywords: IPL, Mumbai Indians, Sports, Cricket, Priyam Garg, Delhi Capitals, Hyderabad
COMMENTS