മാത്യു കെ തോമസ് ഷാര്‍ജ: സീസണിലെ എട്ടാം തോല്‍വിയും ഏറ്റുവാങ്ങി പ്ലേ ഓഫ് കാണാതെ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ക്രിക്...
മാത്യു കെ തോമസ്
ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നു പുറത്തേയ്ക്കു വഴി തുറക്കുമ്പോള്‍ എം എസ് ഡിയുടെ ക്രിക്കറ്റ് ജീവിതവും ഒരുപക്ഷേ, ഇവിടെ അവസാനിക്കുന്നുവെന്നു വേണം കരുതാന്‍.
മുംബയ് ഇന്ത്യന്‍സിനോട് പത്തു വിക്കറ്റിനാണ് ധോണയും കൂട്ടരും തകര്‍ന്നടിഞ്ഞത്. ക്യാപ്ടന്‍, കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളിലെല്ലാം കഴിഞ്ഞ കാലങ്ങളിലെല്ലാം പുലര്‍ത്തിയിരുന്ന പ്രതിഭയുടെ നിഴല്‍ പോലുമില്ലാതെയാണ് ഇക്കുറി ധോണി കളത്തില്‍ നിന്നത്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റുന്നതും പതിവാണ്.
നിര്‍ണായക ഘട്ടത്തില്‍ പോലും സിംഗിള്‍ എടുക്കുകയോ പന്ത് മുട്ടിക്കളിക്കുകയോ ചെയ്യുന്ന ശീലം കഴിഞ്ഞ ലോകകപ്പു മുതലാണ് ധോണിക്കുണ്ടായത്. അതിന്റെ തനിയാവര്‍ത്തനമാണ് ഐപിഎലിലും കാണുന്നത്. ടീമിന്റെ ആരാധകര്‍ പോലും ധോണിയെ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന തലത്തിലേക്കു വരെ കാര്യങ്ങളെത്തിയിരുന്നു. ടീമിന്റെ പരിശീലക സ്ഥാനത്തു പോലും ധോണി ഉണ്ടാവരുതെന്നാണ് കടുത്ത ആരാധകര്‍ പോലും പ്രതികരിക്കുന്നത്.
പ്രതിഭയുള്ള ചെറുപ്പക്കാരെ പുറത്തിരുത്തി, തന്റെ ഇഷ്ടക്കാരായ വയസ്സന്‍ പടയെ മാത്രം ആശ്രയിക്കുന്ന ധോണിയുടെ രീതിയും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രതിഭയുള്ള കളിക്കാരെ തനിക്കു കാണാനാവുന്നില്ലെന്നാണ് ഇതിനു ധോണി മറുപടി നല്കിയത്. ഈ തെറ്റു തിരുത്താന്‍ അവസാന മത്സരത്തില്‍ ചെറിയ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
മുംബയോടുള്ളത് നിര്‍ണായക മത്സരമായിരുന്നു. അതു തുലച്ചതോടെ കളി കൈവിടുകയാണ്. ചെന്നൈക്ക് ഇനി മൂന്ന് കളികളാണ് ബാക്കിയുള്ളത്. ഇതു മൂന്നും ജയിച്ചാലും പ്‌ളേ ഓഫ് സാദ്ധ്യത കുറവാണ്. അല്ലെങ്കില്‍ അത്ഭുതമെന്തെങ്കിലും സംഭവിക്കണം.
മുംബയുടെ സമഗ്രാധിപത്യമാണ് കളത്തില്‍ കണ്ടത്. ബൗളിംഗില്‍ നാല് വിക്കറ്റ് പിഴുത് ട്രെന്റ് ബോള്‍ട്ട് ധോണിയുടെ ടീമിനു ബോള്‍ട്ട് ഇട്ടു. മറുവശത്ത് 37 പന്തില്‍ പുറത്താകാതെ 68 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ ചെന്നൈ ബൗളര്‍മാരെ മാനംകെടുത്തി. ചെന്നൈ പത്ത് വിക്കറ്റ് മഹാതോല്‍വി ഏറ്റുവാങ്ങുന്നത് ആദ്യമായാണ്.
ഇതിലും ദയനീയമായി തോല്‍ക്കേണ്ടതായിരുന്നു ചെന്നൈ. ആറിന് 30 എന്ന നിലയില്‍ കൂപ്പുകുത്തിയ ചെന്നൈയെ ഒരറ്റത്തു നിന്ന് സാം കറന്‍ നയിക്കുകയായിരുന്നു. 47 പന്തില്‍ 52 റണ്‍സെടുത്ത് ഓള്‍ റൗണ്ടര്‍ സാം കറന്‍ ടീമിനെ നൂറു കടത്തുകയായിരുന്നു.
മുന്‍ കളികളില്‍ ധോണി വെള്ളം ചുമക്കാന്‍ നിറുത്തിയ ഇമ്രാന്‍ താഹിറാണ് ഈ കളിയില്‍ ടീമിനെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഈ കളിയില്‍ ചെന്നൈ 20 ഓവറും കളിക്കുമെന്ന് ആരും കരുതിയതല്ല. എന്നാല്‍, സാം കറന് ഉറച്ച പിന്തുണ കൊടുത്ത് ഒന്‍പതാമനായി ഇറങ്ങിയ താഹിര്‍ 10 പന്തില്‍ 13 റണ്‍സെടുത്തു. ഒന്‍പതാം വിക്കറ്റില്‍ സാം കറനും താഹിറും ചേര്‍ന്നു 43 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടുമാണ് ഇത്. ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് സാം കറന്‍ പുറത്തായത്.
ശേഷിക്കുന്ന മൂന്നു കളികളില്‍ ധോണി വെള്ളം ചുമക്കാന്‍ നിന്നുകൊണ്ട് ഇമ്രാന്‍ താഹിറിനെ ക്യാപ്ടന്‍സി ഏല്പിക്കുന്നതായിരിക്കും ടീമിനു നല്ലത്!
COMMENTS