തിരുവനന്തപുരം: യു ട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് കല്ലിയൂര്‍ സ്വദേശി വിജയ് പി നായര്‍ എന്നയാളെ മ്യൂസിയം പൊലീസ...
തിരുവനന്തപുരം: യു ട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് കല്ലിയൂര്‍ സ്വദേശി വിജയ് പി നായര്‍ എന്നയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ഗാന്ധാരി അമ്മന്‍ കോവിലിലെ ലോഡ്ജില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് എത്തിയപ്പോള്‍ ആള്‍ സ്ഥലത്തില്ലായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷിച്ച് കല്ലിയൂരിലെ വീട്ടിലെത്തിയത്.
സ്ത്രീകള്‍ക്കെതിരെ യുട്യൂബ് ചാനലിലൂടെ മോശം പരാമര്‍ശം നടത്തുന്ന വിജയ് പി.നായരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ബിഗ്ബോസ് മത്സരാര്‍ത്ഥിന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ വീടുകയറി കൈകാര്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവം വിവാദമായതും വിജയ് പി നായര്‍ക്കെതിരേ പൊലീസ് കേസെടുത്തതും.
പേരെടുത്ത് പറഞ്ഞും വ്യക്തിയെ തിരിച്ചറിയാന്‍ പാകത്തില്‍ സൂചന നല്‍കിയുമായിരുന്നു വിജയ് പി. നായര്‍ യൂ ട്യൂബിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഇയാള്‍ക്കെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകളിട്ടായിരുന്നു ആദ്യം കേസെടുത്തത്. പിന്നീട്, പല ഭാഗത്തുനിന്നും സമ്മര്‍ദ്ദം വരികയും സംഭവം വന്‍ വിവാദമാവുകയും ചെയ്തതോടെ ജാമ്യമില്ലാ വകുപ്പുകളിട്ടു കേസെടുക്കുകയായിരുന്നു.
ഇതേസമയം, വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കതിരേ തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ഭാഗ്യലക്ഷ്മിയും കൂട്ടരും തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍ കോവില്‍ റോഡില്‍ വിജയ് പി നായര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി അദ്ദേഹത്തിനു നേരേ കരി ഓയില്‍ ഒഴിച്ചശേഷം മര്‍ദ്ദിച്ച് മാപ്പു പറയിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ ദിയ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തിരുന്നു.
ഭാഗ്യലക്ഷ്മിയും കൂട്ടരും ബലമായി ഇയാളെക്കൊണ്ട് വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിച്ചിരുന്നു. ഇയാളുടെ ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി കൊടുക്കുകയായിരുന്നു.
തുടര്‍ന്ന് വിജയ് പി നായര്‍ സ്റ്റേഷനിലെത്തി നല്കിയ പരാതിയിലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
പൊലീസില്‍ പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതിനാലാണ് തങ്ങള്‍ക്കു നേരിട്ട് ഇടപെടേണ്ടി വന്നതെന്നും പൊലീസ് ജീപ്പില്‍ കയറുമ്പോള്‍ തലയില്‍ മുണ്ടിടില്ലെന്നും അന്തസ്സായി തന്നെ കോടതിയിലേക്കു പോകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.
Keywords: Vijay P Nair, Youtuber, Bhagyalakshmi
COMMENTS