സ്വന്തം ലേഖകന്‍ കൊച്ചി: രാജിക്കായി സംസ്ഥാനമാകെ പ്രതിഷേധ ജ്വാല കത്തുമ്പോള്‍ എട്ടു മണിക്കൂര്‍ നീണ്ട എന്‍.ഐ.എ ചോദ്യം ചെയ്യല്‍ കഴിഞ്ഞു മന്ത്രി ക...
സ്വന്തം ലേഖകന്‍
കൊച്ചി: രാജിക്കായി സംസ്ഥാനമാകെ പ്രതിഷേധ ജ്വാല കത്തുമ്പോള്‍ എട്ടു മണിക്കൂര്‍ നീണ്ട എന്‍.ഐ.എ ചോദ്യം ചെയ്യല്‍ കഴിഞ്ഞു മന്ത്രി കെ.ടി ജലീല്‍ പുറത്തിറങ്ങി.
മാധ്യമങ്ങളോടു പ്രതികരിക്കാതെയും എന്നാല്‍ പുഞ്ചിരിയോടെയുമാണ് ജലീല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്തിറങ്ങിയത്.
ചോദ്യം ചെയ്യലിലെ മൊഴിപ്പകര്‍പ്പ് മന്ത്രി വായിച്ച ശേഷം ഒപ്പിട്ടുകൊടുത്തു. അങ്ങോട്ടു സ്വകാര്യ വാഹനത്തില്‍ പോയെങ്കിലും തിരികെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഔദ്യോഗികവാഹനത്തിലാണ് ജലീല്‍ പുറപ്പെട്ടത്. സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എം.എം യൂസഫിന്റെ വണ്ടിയിലാണ് വെളുപ്പിന് അഞ്ചരയോടെ എന്‍.ഐ.എ ഓഫീസിലെത്തിയത്.
മന്ത്രി ഇത്ര രാവിലെ എത്തുമെന്ന് എന്‍.ഐ.എയും അറിഞ്ഞില്ല. ഓഫീസിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്ത്രിയെക്കണ്ട് അമ്പരന്നു. ധൃതിയില്‍ ഗേറ്റ് തുറന്നു മന്ത്രിയെ അകത്തു കയറ്റി.
മന്ത്രി എത്തിയതറിഞ്ഞ് ചോദ്യം ചെയ്യലിനു നിയോഗിക്കപ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥരും നേരത്തേ എത്തി. രാവിലെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.
ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാനാവുമോ എന്നു ജലീല്‍ ചോദിച്ചിരുന്നു. അതു സാദ്ധ്യമല്ലെന്ന് അറിയിപ്പു ലഭിച്ചതോടെ അര്‍ദ്ധ രാത്രിയാക്കാമോ എന്നും മന്ത്രി ചോദിച്ചു. അതും നടപ്പില്ലെന്ന് എന്‍.ഐ.എ അറിയിച്ചതോടെയാണ് ജലീല്‍ വെളുപ്പിനു തന്നെ ചോദ്യം ചെയ്യലിനു വിധേയനാവാന്‍ എത്തി എന്‍ ഐ എയെ അമ്പരപ്പിച്ചത്.
ജലീലിനെ എന്‍.ഐ.എ ചോദ്യംചെയ്യുമ്പോള്‍ നാടാകെ പ്രതിപക്ഷവും ബി.ജെ.പിയും പ്രതിഷേധ ജ്വാല പടര്‍ത്തുകയായിരുന്നു. ഇനിയും നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ രണ്ട് കേന്ദ്ര ഏജന്‍സികള്‍ക്കും ബോദ്ധ്യമായിട്ടുണ്ടെന്നും ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബി.ജെ.പിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കപ്പെടുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
COMMENTS