അഭിനന്ദ് ന്യൂഡല്‍ഹി പ്രാകൃത നടപടികളുമായി ചൈനീസ് പട്ടാളം അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കു സമീപം നിലയുറപ്പിച്ചതോടെ അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷ...
അഭിനന്ദ്
ന്യൂഡല്‍ഹി പ്രാകൃത നടപടികളുമായി ചൈനീസ് പട്ടാളം അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കു സമീപം നിലയുറപ്പിച്ചതോടെ അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷഭരിതമായി. കുന്തവും വടിവാളുകളും ഉള്‍പ്പെടെ ആയുധങ്ങളുമായി ഇന്ത്യന്‍ സേനയുടെ 200 മീറ്റര്‍ അടുത്തുവരെ എത്തി നിലയുറപ്പിച്ചിരിക്കുകയാണ് ചൈനീസ് പട്ടാളം.
കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ പര്വതപാതയ്ക്ക് സമീപം ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ സൈനികരെ ഏതുവിധവും ഒഴിപ്പിച്ചെടുക്കുകയാണ് ചൈനയുടെ ലക്ഷ്യം.
വെള്ളിയാഴ്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യ നിയന്ത്രിക്കുന്ന ഫോര്‍വേഡ് പൊസിഷന്‍ കൈയേറാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു വെടിയുതിര്‍ത്തത്. 45 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ-ചൈന ലൈന്‍ ഒഫ് ആക്ച്വല്‍ കണ്ട്രോളില് (എല്‍എസി) വെടിയൊച്ച ഉയരുന്നത്.
അന്‍പതോളം വരുന്ന ചൈനീസ് പട്ടാളക്കാര്‍ തിങ്കളാഴ്ച വൈകുന്നേരം റെസാങ് ലയ്ക്ക് സമീപമുള്ള മുഖ്പാരി കൊടുമുടിയിലേക്കു മുന്നേറാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശനമായ മുന്നറിയിപ്പിനെത്തുടര്‍ന്ന് അവര്‍ക്കു പിന്‍വാങ്ങേണ്ടിവന്നു.
ഓഗസ്റ്റ് 29 ന് അര്‍ദ്ധരാത്രിയിലെ സമാനമായൊരു നീക്കത്തിനു ചൈനീസ് സേന ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല.
ഇതേസമയം, ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ക്കു നേരേ വെടിയുതിര്‍ത്തുവെന്നാണ് ചൈനീസ് സേനയുടെ പടിഞ്ഞാറന്‍ തിയറ്റര്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞത്. ഇന്ത്യന്‍ സേന ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വിഷയം വഴിതിരിച്ചു വിടാന്‍ വേണ്ടിയാണെന്ന് ഇന്ത്യന്‍ സൈനിക വക്താവ് കേണല്‍ അമന് ആനന്ദ് പറഞ്ഞു. കടുത്ത പ്രകോപനമുണ്ടായിട്ടും ഇന്ത്യന്‍ സൈന്യം ഉത്തരവാദിത്വ ബോധത്തോടെ പെരുമാറിയെന്നാണ് അദ്ദേഹം പറഞ്ഞത്.
സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളില്‍ ഇടപഴകല്‍ നടക്കുമ്പോള്‍ ചൈനീസ് സേനയാണ് കരാറുകള്‍ നഗ്നമായി ലംഘിക്കുകയും ആക്രമണാത്മകമായ കുതന്ത്രങ്ങള്‍ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: The Great Indian Army, China, Border Tension, India
COMMENTS