ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികരംഗം തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതും ചരക്ക് ഗതാഗതം ന...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികരംഗം തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതും ചരക്ക് ഗതാഗതം നടത്തുന്നതും നിയന്ത്രിക്കാന്‍ പാടില്ലെന്നു കേന്ദ്രം.
ഇത്തരത്തില്‍ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു പരോക്ഷമായി സൂചിപ്പിക്കുന്നതാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്ത്.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി രാജ്യമാകെ അണ്‍ലോക് 3 പ്രഖ്യാപിച്ച ശേഷവും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനെതിരേയാണ് കേന്ദ്ര നീക്കം.
ജനങ്ങള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചാരസ്വാതന്ത്ര്യമുണ്ടെന്നു കത്തില്‍ പറയുന്നു. സൈ്വര സഞ്ചാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. എന്നിട്ടും ജനം തടസ്സം നേരിടുന്നതായി കത്തില്‍ പറയുന്നു.
ഇങ്ങനെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് 2005ലെ ദുരന്ത നിവാരണ നിയമത്തിലെ നിര്‍ദ്ദേശങ്ങളുടെ ലംഘനമായി കാണുമെന്നാണ് കേന്ദ്രം പറയുന്നത്. ഇതേസമയം, കൊറോണ വൈറസിന്റെ പേരില്‍ കേരളത്തിന്റെ അതിര്‍ത്തികള്‍ കര്‍ണാടകം മണ്ണിട്ട് അടച്ചപ്പോള്‍ മൗനം പാലിച്ച കേന്ദ്രമാണ് ഇപ്പോള്‍ ശക്തമായ നടപടിയുമായി ഇറങ്ങിയിരിക്കുന്നതെന്നതു കൗതുകകരവുമാണ്.
നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
COMMENTS